Sorry, you need to enable JavaScript to visit this website.

അറബ് ലോകത്ത് ഏറ്റവുമധികം  കരുതൽ സ്വർണ ശേഖരം സൗദിയിൽ

ജിദ്ദ - അറബ് ലോകത്ത് ഏറ്റവുമധികം കരുതൽ സ്വർണ ശേഖരമുള്ളത് സൗദിയിലാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. സൗദി സെൻട്രൽ ബാങ്കിൽ 323.1 ടൺ കരുതൽ സ്വർണ ശേഖരമുണ്ട്. അറബ് ലോകത്തെ ആകെ കരുതൽ സ്വർണ ശേഖരം 1,507.7 ടൺ ആണ്. ഇതിന്റെ 21.4 ശതമാനം സൗദിയിലാണ്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം അറബ് ലോകത്ത് ഏറ്റവുമധികം കരുതൽ സ്വർണ ശേഖരമുള്ള രണ്ടാമത്തെ രാജ്യം ലെബനോൻ ആണ്. ലെബനോനിൽ 286.8 ടൺ കരുതൽ സ്വർണ ശേഖരമുണ്ട്. അറബ് ലോകത്തെ ആകെ കരുതൽ സ്വർണ ശേഖരത്തിന്റെ 19 ശതമാനം ലെബനോനിലാണ്. മൂന്നാം സ്ഥാനത്തുള്ള അൾജീരിയയിൽ 173.6 ടൺ സ്വർണ ശേഖരമുണ്ട്. അറബ് ലോകത്തെ ആകെ കരുതൽ സ്വർണ ശേഖരത്തിന്റെ 11.5 ശതമാനം അൾജീരിയയിലാണ്. 
നാലാം സ്ഥാനത്തുള്ള ഇറാഖിൽ 130.3 ടണ്ണും അഞ്ചാം സ്ഥാനത്തുള്ള ഈജിപ്തിൽ 125.3 ടണ്ണും ആറാം സ്ഥാനത്തുള്ള ലിബിയയിൽ 116.6 ടണ്ണും ഏഴാം സ്ഥാനത്തുള്ള ഖത്തറിൽ 91.8 ടണ്ണും എട്ടാം സ്ഥാനത്തുള്ള യു.എ.ഇയിൽ 79.9 ടണ്ണും ഒമ്പതാം സ്ഥാനത്തുള്ള കുവൈത്തിൽ 79 ടണ്ണും പത്താം സ്ഥാനത്തുള്ള ജോർദാനിൽ 37.5 ടണ്ണും സ്വർണ ശേഖരങ്ങളുണ്ട്. സിറിയയിൽ 25.8 ഉം മൊറോക്കൊയിൽ 22.1 ഉം തുനീഷ്യയിൽ 6.8 ഉം ബഹ്‌റൈനിൽ 4.7 ഉം ഒമാനിൽ 1.9 ഉം യെമനിൽ 1.6 ഉം മൗറിത്താനിയയിൽ 1 ഉം കോമറോസിൽ 0.02 ഉം ടൺ കരുതൽ സ്വർണ ശേഖരങ്ങളുണ്ട്. 
കഴിഞ്ഞ വർഷം ലോകത്തെ കരുതൽ സ്വർണ ശേഖരം നേരിയ തോതിൽ കുറഞ്ഞെങ്കിലും അറബ് ലോകത്തെ കരുതൽ സ്വർണ ശേഖരം 10.2 ശതമാനം തോതിൽ വർധിച്ചു. അറബ് രാജ്യങ്ങളിലെ കരുതൽ സ്വർണ ശേഖരത്തിൽ കഴിഞ്ഞ വർഷം 139.7 ടണ്ണിന്റെ വർധന രേഖപ്പെടുത്തി. 2021 ൽ അറബ് ലോകത്തെ കരുതൽ സ്വർണ ശേഖരം 1,368 ടൺ ആയിരുന്നു. 
അഞ്ചു അറബ് രാജ്യങ്ങൾ കഴിഞ്ഞ വർഷം തങ്ങളുടെ കരുതൽ സ്വർണ ശേഖരം വർധിച്ചു. ഈജിപ്ത് 44.4 ഉം ഖത്തർ 35 ഉം ഇറാഖ് 33.9 ഉം യു.എ.ഇ 24.5 ഉം ഒമാൻ 0.2 ഉം ടൺ വീതം കരുതൽ സ്വർണ ശേഖരത്തിൽ വർധന വരുത്തി. കഴിഞ്ഞ വർഷം ലോകത്ത് സെൻട്രൽ ബാങ്കുകൾ ഏറ്റവുമധികം സ്വർണം വാങ്ങിയ രാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്ത് മൂന്നാം സ്ഥാനത്തും ഖത്തർ നാലാം സ്ഥാനത്തും ഇറാഖ് ആറാം സ്ഥാനത്തും യു.എ.ഇ എട്ടാം സ്ഥാനത്തുമാണ്. കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവുമധികം സ്വർണം വാങ്ങിയ സെൻട്രൽ ബാങ്ക് തുർക്കിയുടെതാണ്. തങ്ങളുടെ കറൻസികൾ നേരിടുന്ന കടുത്ത സമ്മർദങ്ങൾക്കിടെയാണ് കരുതൽ സ്വർണ ശേഖരം വർധിപ്പിക്കാൻ തുർക്കിയും ഈജിപ്തും നടപടികളെടുത്തത്.
 

Latest News