നജ്‌റാൻ - എത്യോപ്യക്കാരായ അഞ്ചു നുഴഞ്ഞുകയറ്റക്കാരികളെ കാറിൽ കടത്താൻ ശ്രമിച്ച സൗദി പൗരനെ നജ്‌റാനിൽ വെച്ച് പ്രത്യേക ദൗത്യസേന അറസ്റ്റ് ചെയ്തു. സ്വന്തം കുടുംബാംഗങ്ങളാണെന്ന വ്യാജേനെയാണ് നുഴഞ്ഞുകയറ്റക്കാരികളെ സൗദി പൗരൻ കടത്താൻ ശ്രമിച്ചത്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് നാടുകടത്താൻ എത്യോപ്യക്കാരികളെ ബന്ധപ്പെട്ട വകുപ്പിനും വിചാരണ ചെയ്ത് ശിക്ഷിക്കാൻ സൗദി പൗരനെ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി നജ്‌റാൻ പോലീസ് അറിയിച്ചു.
നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നൽകുന്നവർക്ക് 15 വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന വാഹനവും താമസസൗകര്യം നൽകാൻ ഉപയോഗിക്കുന്ന പാർപ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. നുഴഞ്ഞുകയറ്റക്കാരെയും ഇഖാമ, തൊഴിൽ നിയമ ലംഘകരെയും കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളലിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.