മക്ക- ഉംറ നിർവഹിക്കുന്നതിനുള്ള പെർമിറ്റ് ഇഷ്യൂ ചെയ്തിരിക്കണമെന്ന നിയമം റമദാനിനു ശേഷവും തുടരുന്നതായും പെർമിറ്റില്ലാതെ ഉംറ ചെയ്യാൻ ശ്രമിക്കരുതെന്നും ഹജ് ഉംറ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. തവക്കൽന സർവീസ് മുഖേനയോ നുസ്‌ക് ആപ്ലിക്കേഷൻ മുഖേനയോ ആണ് ഉംറ പെർമിറ്റ് ഇഷ്യൂ ചെയ്യേണ്ടത്. കോവിഡ് വാക്‌സിനുകൾ പൂർത്തിയാക്കിയ കോവിഡ് ബാധയേറ്റതായി സ്ഥിരിക്കരിക്കാത്ത അഞ്ചു വയസിനു മുകളിൽ എല്ലാവർക്കും പെർമിറ്റ് അനുവദിക്കുന്നതു തുടരും. ഉംറ വിസയിലെത്തുന്ന തീർത്ഥാടകർക്ക് അനുബന്ധ നഗരങ്ങളായ മക്കക്കും മദീനക്കും പുറമെ സൗദിയിലെ മറ്റു നഗരങ്ങൾ കൂടി സന്ദർശിക്കുന്നതിന് നിയമപരമായ വിലക്കുകളൊന്നുമില്ലെന്നും സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി ജവാസാത്ത് ട്വിറ്റ് ചെയ്തു.