കൊച്ചി - ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ ക്യാമറകള്‍ സ്ഥാപിച്ചതില്‍ നടന്നത് വന്‍ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതിക്ക് പിന്നില്‍ സി പി എമ്മാണന്നും എസ് എന്‍ സി ലാവ്ലിന്‍ പോലെയുള്ള അഴിമതിയാണ് നടന്നതെന്നും സതീശന്‍ ആരോപിച്ചു. ഈ ഇടപാടില്‍ പലര്‍ക്കും നോക്കുകൂലി കിട്ടി. മന്ത്രിമാര്‍ക്കു പോലും കരാര്‍ കമ്പനികളെക്കുറിച്ച് അറിയില്ല. കരാര്‍ കിട്ടിയ കമ്പനി ഉപകരാര്‍ കൊടുക്കുകയാണ് ചെയ്തത്. കെല്‍ട്രോണിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഈ വിഷയത്തില്‍ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ടില്‍ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളില്ല. മന്ത്രിമാര്‍ക്ക് പോലും ഇതറിയാന്‍ വഴിയില്ല. കെല്‍ട്രോണ്‍ നേരിട്ടാണ് പദ്ധതി നടത്തിയത്. ഉപകരാര്‍ ലഭിച്ച എസ് ആര്‍ ഐ ടി കമ്പനി പവര്‍ ബ്രോക്കേര്‍മാരും ഇടനിലക്കാരും മാത്രമാണെന്നും ഇവര്‍ക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധമുണ്ടെന്നും സതീശന്‍ ആരോപിച്ചു. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ് എല്ലാത്തിനും പിന്നില്‍. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്നു ചേരുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.