തിരുവനന്തപുരം- വന്ദേഭാരത് ട്രെയിനില്‍ സഞ്ചരിച്ചത് കൊണ്ട് അധികമായ സമയലാഭമുണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനശതാബ്ദിയും രാജധാനിയുമായി താരതമ്യം ചെയ്യുമ്പോള്‍ വന്ദേഭാരതിന് അരമണിക്കൂര്‍ മാത്രമാണ് സമയലാഭമുണ്ടാകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ശംഖുമുഖത്ത് നടന്ന ഡിവൈഎഫ്‌ഐയുടെ യുവസംഗമം പരിപാടിയ്ക്കിടയിലായിരുന്നു വന്ദേഭാരതിന്റെ വേഗതയെക്കുറിച്ച് സിപിഎം നേതാവ് വീണ്ടും വിമര്‍ശനമുന്നയിച്ചത്.
110 കി.മീ വേഗതയില്‍ വന്ദേഭാരത് ട്രെയിന്‍ ഓടിച്ചാല്‍ അധികകാലം ട്രാക്ക് അവിടെ ഉണ്ടാകില്ലെന്നും ഇ പി തുടര്‍ന്നു. മറ്റ് ട്രെയിനുകളുടെ സമയത്തിന് മാറ്റം വരുത്താതെ വന്ദേഭാരത് സര്‍വീസ് നടത്തിയാല്‍ അത് നല്ല കാര്യമാണ്. എന്നാല്‍ വന്ദേഭാരതിന്റെ പേരില്‍ ബിജെപി രാഷ്ട്രീയ തട്ടിപ്പാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്റെ സമയക്രമം പ്രഖ്യാപിച്ചു. 28 മുതലായിരിക്കും റെഗുലര്‍ സര്‍വീസ്. വ്യാഴാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല. ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂര്‍, തിരൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകില്ല. ട്രെയിന്‍ 8.05 മണിക്കൂറില്‍ കാസര്‍കോട്ടെത്തും. മലബാറിലേക്ക് പ്രവേശിച്ചാല്‍ 110 കിലോ മീറ്റര്‍ വരെ സ്പീഡെടുക്കാനാവുമെന്നതാണ് സവിശേഷത.