Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: പത്ത് കോണ്‍ഗ്രസ്-യൂത്ത്  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ കരുതല്‍ തടങ്കലില്‍

കൊച്ചി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്ത് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എന്‍ ആര്‍ ശ്രീകുമാര്‍ എന്നിവരും കസ്റ്റഡിയില്‍ എടുത്തവരുടെ കൂട്ടത്തിലുണ്ട്. പുലര്‍ച്ചെ ഇവരുടെ വീടുകളിലെത്തിയ പോലീസ്, ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നഗരത്തില്‍ കനത്ത സുക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി വെല്ലിങ്ട്ടണ്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകീട്ട് 5ന് എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജംഗ്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ ദൂരം മെഗാ റോഡ്‌ഷോ നടത്തും. 6 ന് 'യുവം 2023' പരിപാടിയില്‍ പങ്കെടുക്കും. 7.45ന് വെല്ലിങ്ടണ്‍ ദ്വീപിലെ ഹോട്ടല്‍ താജ് മലബാറില്‍ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറില്‍ തന്നെയാണു താമസവും.
നാളെ രാവിലെ 9.25ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. 10.50 വരെ റെയില്‍വേ സ്റ്റേഷനില്‍ ചെലവഴിക്കും. ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ പൂര്‍ത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
വന്ദേഭാരതിനു പുറമേ ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൊച്ചുവേളി  തിരുവനന്തപുരം  നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെര്‍മിനല്‍ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം  ഷൊര്‍ണൂര്‍ സെക്ഷനിലെ ട്രെയിന്‍ വേഗം മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ പ്രധാനമന്ത്രി നിര്‍വഹിക്കും. നവീകരിച്ച കൊച്ചുവേളി റെയില്‍വേ സ്റ്റേഷനും ദിണ്ടിഗല്‍  പളനി  പൊള്ളാച്ചി വൈദ്യുതീകരിച്ച റെയില്‍പാതയും നാടിനു സമര്‍പ്പിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ ഒരു മണിക്കൂര്‍ ചെലവഴിക്കുന്ന പ്രധാനമന്ത്രി 12.40നു ഗുജറാത്തിലെ സൂറത്തിലേക്കു പോകും.

Latest News