Sorry, you need to enable JavaScript to visit this website.

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍, പരിഗണിക്കുന്നത് അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം

ന്യൂദല്‍ഹി - ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയില്‍.  കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി ബി ഐ ഹര്‍ജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് കോടതിയിലുള്ളത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. 33 ാം തവണയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസിന്റെ  അഭിഭാഷകന്‍ സുപ്രീംകോടതി റജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സി ബി ഐയ്ക്ക് വേണ്ടി ഹാജരായേക്കും. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി ബി ഐ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വര്‍ഷത്തിനിടെ മുപ്പത്തിരണ്ട് തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി വെച്ചത്.

 

Latest News