ഇടുക്കി - എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കുമളിയിലെ ലോഡ്ജില്‍ കയറി യുവാക്കളെ ആക്രമിച്ച് പണം തട്ടിയ സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. നെടുങ്കണ്ടം സ്വദേശികളായ പച്ചടി പള്ളിക്കടവില്‍ അനൂപ്, പുല്‍പ്പാറ പുത്തന്‍ വീട്ടില്‍ സവിന്‍, തെക്കേപറമ്പില്‍ മഹേഷ്, ആറാട്ടുചാണില്‍ ആഷിന്‍ എന്നിവരാണ് പിടിയിലായത്. മത്സ്യ വ്യാപാര സ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച ശേഷമാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ കുമളിയിലെ ബാറില്‍ കയറി മദ്യപിച്ച ശേഷമാണ് അക്രമം കാട്ടിയത്. ഇതിന് പിന്നാലെ തുടര്‍ന്ന് മദ്യപിക്കാന്‍ പണം കണ്ടെത്താന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കുമളിയിലെ ലോഡ്ജില്‍ കയറി വാടകയ്ക്ക് താമസിക്കുന്നവരുടെ മുറികളില്‍ പരിശോധന നടത്തുകയും പണം കവരുകയുമായിരുന്നു.