കൊച്ചി - രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കൊച്ചിയിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശില്‍നിന്നു കൊച്ചി വില്ലിംഗടണ്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകിട്ട് 5ന് എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജംഗ്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും. ബി ജെ പി സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ സംഘടിപ്പിക്കുന്ന യുവാക്കളുടെ സമ്മേളനമായ 'യുവം' പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം അദ്ദേഹം വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാര്‍ ഹോട്ടലിലാണ് പ്രധാനമന്ത്രി ഇന്ന് തങ്ങുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് 2600 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി നഗരത്തിലെങ്ങും വിന്യസിച്ചിരിക്കുന്നത്. രാവിലെ മുതല്‍ നഗരത്തില്‍, പ്രത്യേകിച്ച് തേവര ഭാഗത്ത് ഗതാഗത ക്രമീകരണവുമുണ്ട്. നാളെ രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെയെത്തി വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടര്‍ മെട്രോയും അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.