തൊടുപുഴ- വിഷു ദിനത്തിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. മറവി രോഗമുള്ള വയോധിക മരിച്ചത് ഭക്ഷണം ലഭിക്കാതെയെന്ന് സൂചന. ചക്കിക്കാവ് കുന്നുംപുറത്ത് ബാലമ്മ രാമന്റെ(87) മൃതദേഹമാണ് മലഞ്ചെരുവിൽ കണ്ടെത്തിയത്. ഭർത്താവ് രാമൻ, മകൻ സുഭാഷ് എന്നിവർക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. പണിക്ക് പോയ രാമനും സുഭാഷും തിരികെ എത്തിയപ്പോൾ ബാലമ്മയെ വീട്ടിൽ കണ്ടില്ല. നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മലഞ്ചെരുകൾ നിറഞ്ഞ പ്രദേശമായതിനാൽ തെരച്ചിൽ ദുഷ്‌ക്കരമായിരുന്നു.
ഇതിനിടെയാണ് ഇവരുടെ വീട്ടിൽ നിന്ന് ഒരു കിലോ മീറ്റർ മാറി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ താഴ്ചയിലുള്ള സ്ഥലത്ത് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹം അഴുകിയ നിലയിലായിരുന്നു. കാഞ്ഞാർ എസ്.ഐ ജിബിൻ തോമസ്, സിബി എൻ തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.