Sorry, you need to enable JavaScript to visit this website.

മോഡിയുടെ സുരക്ഷ പൂര്‍ണമായും എസ്.പി.ജിക്കും ഐ.ബിക്കും, പോലീസിന് ചുമതല ഗതാഗതം മാത്രം

തിരുവനന്തപുരം- പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി സംസ്ഥാന ഇന്റലിജന്റ്‌സ് വിഭാഗം തയാറാക്കിയ സുരക്ഷാ പദ്ധതി ചോര്‍ന്നതോടെ സുരക്ഷാ സംവിധാനം പൂര്‍ണമായും എസ്.പി.ജിയും ഐ.ബിയും ഏറ്റെടുത്തു. പോലീസിന് ചുമതല ഗതാഗത, ആള്‍ക്കൂട്ട നിയന്ത്രണം മാത്രമായി.
ചോര്‍ച്ച വിവാദമായതോടെ സംസ്ഥാന ഇന്റലിജന്റ്‌സ് വിഭാഗം വീണ്ടും തയാറാക്കിയ സുരക്ഷാ പദ്ധതി എസ്.പി.ജി അംഗീകരിച്ചിട്ടില്ല. പകരം കൂടുതല്‍ എസ്.പി.ജി, സായുധ സേനാ വിഭാഗത്തിനെ ഉപയോഗിക്കാനാണ് നിര്‍ദേശം. ഇതിനായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത് എത്തി. തീവ്രവാദ ആക്രമണ ഭീഷണി ഉള്ളതിനാല്‍ ഐ.ബിയുടെ ഡെപ്യൂട്ടി ചീഫ് തലസ്ഥാനത്തും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊച്ചിയിലും എത്തിയിട്ടുണ്ട്. കൂടാതെ കടലില്‍ കോസ്റ്റുഗാര്‍ഡ്, നേവി കപ്പലുകള്‍ പ്രത്യേക നിരീക്ഷണവും ആക്കുളം എയര്‍ഫോഴ്‌സിന്റെ ഭാഗമായി ആകാശ നിരീക്ഷണവും ശക്തമാക്കും.
സംസ്ഥാനത്തെ ഐ.പി.എസുകാരെപ്പോലും നേരിട്ട് ഒരുകാര്യവും ഏല്‍പ്പിക്കേണ്ടതില്ലെന്നാണ് എസ്.പി.ജിയുടെ നിര്‍ദേശം. ഇതനുസരിച്ച് പുതിയ പ്ലാന്‍ തയാറാക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് സൂചന. നേരത്തെ നല്‍കിയ പ്ലാനില്‍ ഡിവൈ.എസ്.പിമാര്‍ക്ക് സഹിതം നേരിട്ട് ചുമതലകള്‍ നല്‍കിയിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ സുരക്ഷ പദ്ധതി തയാറാക്കും. 1500 പോലീസുകാരെ തലസ്ഥാനത്തും 2000 പേരെ എറണാകുളത്തേക്കും നിയോഗിച്ചിട്ടുണ്ട്.
അതേസമയം റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ പ്രധാനമന്ത്രി മടങ്ങിപ്പോയശേഷം കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന. ഐ.ബി.യുടെയും എസ്.പി.ജിയുടെയും റിവ്യൂ മീറ്റിംഗില്‍ പോലീസില്‍നിന്നുണ്ടായ വീഴ്ച ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് കേസെടുത്തേക്കുമെന്നും സൂചനയുണ്ട്. തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്നാണ് പ്രാഥമിക വിവരമെന്നാണ് സൂചന. സംഭവത്തില്‍ ഡി.സി.പി അന്വേഷണം തുടങ്ങിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. തിരുവനന്തപുരത്തെ ഏതെങ്കിലും യൂണിറ്റില്‍നിന്നാണോ ചോര്‍ച്ചയെന്ന് പരിശോധിക്കുകയാണ്. ചോര്‍ച്ചയില്‍ യാതൊരു ആശങ്കയും വേണ്ടെന്നും പകരം പല സ്‌കീമുകളും പോലീസ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 43 ഉദ്യോഗസ്ഥര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. സിറ്റി യൂണിറ്റില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് വരെ റിപ്പോര്‍ട്ട് എത്തിയിരുന്നു. എന്നാല്‍ ഡിജിപി പദവിയിലേക്ക് എത്താനുള്ള രണ്ട് എഡിജിപിമാരുടെ വടംവലിയാണ് റിപ്പോര്‍ട്ട് ചോരാന്‍ കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
എസ്പിജി ഉദ്യോഗസ്ഥര്‍, ഐബി ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ തയ്യാറാക്കിയത്. പ്രധാനമന്ത്രി എത്തിചേരുന്നതുമുതല്‍ മടങ്ങി പോകുന്നതുവരെ ഏതൊക്കെ ഉദ്യോഗസ്ഥര്‍ ഏതൊക്കെ പോയിന്റിലുണ്ടാകണം, അടിയന്തരഘട്ടം വന്നാല്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെയുളള 49 പേജുള്ള റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.

 

Latest News