കൊയിലാണ്ടി- അരിക്കുളത്ത് 12 വയസ്സുകാരനെ ഐസ്‌ക്രീമിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സ്ത്രീയുടെ ലക്ഷ്യം കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാനായിരുന്നുവെന്ന് പോലീസ്. സഹോദരന്റെ മകൻ പന്ത്രണ്ടു വയസുള്ള അഹമ്മദ് ഹസൻ റിഫായിയെയാണ് താഹിറ എന്ന സ്ത്രീ കൊന്നത്. സഹോദരന്റെ കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്താനാണ് താഹിറ ഐസ്‌ക്രീമിൽ വിഷം കലർത്തിയത്. സംഭവ ദിവസം ഹസൻ മാത്രം ഐസ്‌ക്രീം കഴിച്ചതും മറ്റാരും വീട്ടിലില്ലാതിരുന്നതും കൊണ്ട് വൻ ദുരന്തം ഒഴിവായി. കുടുംബപ്രശ്‌നങ്ങൾ കാരണമാണ് കുടുംബത്തെ ഇല്ലാതാക്കാൻ താഹിറയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. എന്നാൽ കാരണമെന്തെന്ന് താഹിറ വ്യക്തമാക്കിയിട്ടില്ല. ഗുരുതര മാനസിക പ്രശ്‌നങ്ങൾ ഇവർക്കില്ലെന്നാണ് പോലീസ് പറയുന്നത്. കൃത്യമായ ആസൂത്രണം ഉണ്ടെന്നും കൂടുതൽ ആർക്കെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിലാവശ്യപ്പെട്ട് തിങ്കളാഴ്ച തന്നെ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.
ഒരു കുടുംബത്തെയാകെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഐസ്‌ക്രീമിൽ എലിവിഷം ചേർത്ത് നൽകിയതെന്നും പ്രതി താഹിറ വെളിപ്പെടുത്തിയിരുന്നു. സഹോദരൻ മുഹമ്മദലിയുടെ ഭാര്യയേയും കുട്ടികളേയും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും ഇതിനായി കൃത്യമായ ആസൂത്രണം നടത്തിയെന്നുമാണ് പോലീസ് അനുമാനം. നേരത്തെ മുഹമ്മദ് അലിയുമായി ഇവർക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിലുളള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിൽ കൂടുതൽ കാര്യങ്ങൾ അറിയാനുണ്ട്. അതിനാണ് നാളെ(തിങ്കൾ) കസ്റ്റഡിയിൽ വാങ്ങുന്നത്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും റിപ്പോർട്ട് തേടി.