Sorry, you need to enable JavaScript to visit this website.

മെസ്സീ.. മഅസ്സലാമ

മോദ്‌റിച് ക്രൊയേഷ്യയുടെ രണ്ടാം ഗോളടിച്ചപ്പോൾ.
  • ക്രൊയേഷ്യ, ഫ്രാൻസ് പ്രി ക്വാർട്ടറിൽ
  • ക്രൊയേഷ്യ 3-അർജന്റീന 0

നിഷ്‌നി നോവ്‌ഗൊരോദ് - ക്രൊയേഷ്യൻ മധ്യനിരയുടെ മികവിനു മുന്നിൽ രണ്ടാം പകുതിയിൽ അമ്പേ അടിതെറ്റിയ അർജന്റീന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തേക്ക്. രണ്ടാം പകുതിയിൽ ആന്റി റെബിച്ചും ലൂക്ക മോദ്‌റിച്ചും ഇവാൻ റാകിറ്റിച്ചും നേടിയ ഗോളുകൾ ക്രൊയേഷ്യക്ക് പ്രി ക്വാർട്ടറിലേക്ക് വഴി തുറന്നപ്പോൾ ലിയണൽ മെസ്സിയുടെ ലോകകപ്പ് സ്വപ്നം ഏതാണ്ട് അസ്തമിച്ച മട്ടാണ്. നൈജീരിയയെ തോൽപിച്ചാലേ അർജന്റീന പ്രി ക്വാർട്ടറിലെത്താൻ സാധ്യതയുള്ളൂ, മറ്റു ഫലങ്ങൾ കൂടി അനുകൂലമാവുകയാണെങ്കിൽ. 
ക്രൊയേഷ്യ നേരിയ ആധിപത്യം പുലർത്തിയ ആദ്യ പകുതിക്കു ശേഷമാണ് അർജന്റീനക്ക് പൂർണമായും വഴി തെറ്റിയത്. അമ്പത്തിമൂന്നാം മിനിറ്റിൽ ഗോളി വില്ലി കബായേരോയുടെ വൻ അബദ്ധമാണ് ആദ്യ ഗോളിന് കാരണം. പിന്നിലേക്കുള്ള നിരുപദ്രവകരമായ പാസ് അടിച്ചകറ്റുന്നതിൽ ഗോളിക്ക് പിഴച്ചു. ബോക്‌സിൽ പന്ത് കിട്ടിയ റെബിച് നേരെ വലയിലേക്ക് അടിച്ചുകയറ്റി. അർജന്റീന ഗോൾ മടക്കാൻ എല്ലാ ശ്രമവും നടത്തുന്നതിനിടെ എൺപതാം മിനിറ്റിൽ മോദ്‌റിച്ചിന്റെ കിടിലൻ ഷോട്ട് വീണ്ടും കബയേരോയെ കീഴടക്കി. തുടർന്നും ക്രൊയേഷ്യയാണ് ആക്രമിച്ചത്. റാകിറ്റിച്ചിന്റെ ഫ്രീകിക്ക് ക്രോസ്ബാറിനിടിച്ച് മടങ്ങി. ഇഞ്ചുറി ടൈമിലെ ഗോളോടെ റാകിറ്റിച് അതിന് പ്രായശ്ചിത്തം ചെയ്തു.
ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച അവസരങ്ങൾ പാഴാക്കി. മെസ്സിയെ ക്രൊയേഷ്യൻ പ്രതിരോധം പിടിച്ചുകെട്ടിയതോടെ അർജന്റീനയുടെ മുന്നേറ്റങ്ങൾ ഒറ്റപ്പെട്ട നീക്കങ്ങളിലൊതുങ്ങി. ഏതു നിമിഷവും നിലം പൊത്തുമെന്ന നിലയിലായിരുന്നു അർജന്റീനയുടെ പ്രതിരോധം. പലതവണ ഓഫ്‌സൈഡ് കെണി പൊളിച്ച് ക്രൊയേഷ്യൻ കളിക്കാർ ഗോളവസരങ്ങൾ സൃഷ്ടിച്ചു. 
അർജന്റീനയുടെ മികച്ച അവസരം കിട്ടിയത് എൻസൊ പെരസിനായിരുന്നു. ക്രൊയേഷ്യൻ പ്രതിരോധത്തിലെ ആശയക്കുഴപ്പത്തിനിടെ ഗോൾവല തുറന്നു കിട്ടിയെങ്കിലും ഷോട്ട് പുറത്തേക്കായി. മാക്‌സിമിലിയാനൊ മേസയുടെ ഷോട്ട് ഡിഫന്റർമാർ ബ്ലോക്ക് ചെയ്തു. മാർക്കസ് അകൂനയുടെ മനോഹരമായ ഷോട്ട് ഗോളിയെ കീഴടക്കിയ ശേഷം ക്രോസ്ബാറിന് മുകളിൽ തട്ടിത്തെറിച്ചു. 
എയിംഗൽ ഡി മരിയയെ മാറ്റി നിർത്തിയാണ് അർജന്റീന ഇറങ്ങിയത്. പിൻനിരയിലും മാറ്റങ്ങൾ വരുത്തി. രണ്ടാം പകുതിയിൽ പൗളൊ ദിബാല ഇറങ്ങിയെങ്കിലും അർജന്റീനക്ക് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല. 

 

Latest News