മദീന - വിശുദ്ധ റമദാനിൽ ഉംറ നിർവഹിക്കുന്നതിനും പ്രവാചക മസ്ജിദിൽ ചെലവഴിക്കുന്നതിനുമായി എത്തിയ വിദേശ തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. 10 ലക്ഷത്തിലേറെ ഉംറ തീർഥാടകർ അവരുടെ നാടുകളിലേക്ക് മടങ്ങിയതായി പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ വെളിപ്പെടുത്തി. ലോകത്തിന്റെ അഷ്ടദിക്കുകളിൽനിന്ന് 70 ലക്ഷം പേരാണ് ഈ സീസണിൽ ഉംറ വിസയിലെത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ഒരു മാസം ഇരുഹറമുകളിലായി ചെലവഴിച്ച ആത്മീയ നിർവൃതിയിൽ സംതൃപ്തിയോടെ നാടുകളിലേക്ക് മടങ്ങുന്ന തീർഥാടകരെ യാത്രയാക്കുന്നതിന് ഹജ് ഉംറകാര്യ മന്ത്രാലയം വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഓരോരുത്തർക്കും സംസം വെള്ളവും അജ്‌വ ഈത്തപ്പഴവും പനിനീർ പുഷ്പവും അടങ്ങുന്ന സമ്മാനപ്പൊതിയും മധുരപലഹാരങ്ങളും നൽകിയാണ് ഹജ് ഉംറ മന്ത്രാലയ ഉദ്യോഗസ്ഥർ യാത്രയാക്കിയത്. പ്രത്യേകം പ്രാർഥിക്കണമെന്ന് അഭ്യർഥിച്ചും ആശ്ലേഷിച്ചും തങ്ങളെ യാത്രയാക്കുന്നതിൽ തീർഥാടകരിൽ പലരും ആനന്ദക്കണ്ണീർ പൊഴിച്ചു. തീർഥാടകരെ രാജ്യത്തേക്ക് സ്വാഗതം ചെയ്തപ്പോഴും സമാനമായ രീതിയിൽ ഊഷ്മളമായ വരവേൽപ് നൽകിയിരുന്നു.
ഈ ഉംറ സീസണിൽ മദീന അന്താരാഷ്ട്ര വിമാനത്താവളം വഴി പത്ത് ലക്ഷത്തിലേറെ തീർഥാടകർ രാജ്യത്ത് പ്രവേശിച്ചുവെന്ന് ഹജ് ഉംറ മന്ത്രാലയത്തിലെ സന്ദർശന വിഭാഗം മേധാവി മുഹമ്മദ് അബ്ദുറഹ്മാൻ അൽബൈജാവി പറഞ്ഞു. ഈ മാസം അവസാനിക്കുന്നത് വരെ തീർഥാടകരുടെ ഒഴുക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉംറ തീർഥാടകരുടെ എണ്ണം പതിന്മടങ്ങ് ഉയർത്തുന്നതിന് എണ്ണയുഗത്തിന് ശേഷം ദേശീയ വരുമാന സ്രോതസ്സ് വിപുലീകരിക്കുന്നതിന് ആവിഷ്‌കരിച്ച സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ 'വിഷൻ 2030' വിഭാവന ചെയ്യുന്നുണ്ട്.
ഉംറ തീർഥാടകർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് സർവീസ് കമ്പനികളെ മന്ത്രാലയം നിഷ്‌കർഷിച്ചിട്ടുണ്ട്. തീർഥാടകർ തിരിച്ചുപോകുന്നത് വരെ അവരെ സ്വീകരിക്കൽ, ഗതാഗതം, താമസം, ഭക്ഷണം എന്നീ സൗകര്യങ്ങൾ സർവീസ് കമ്പനികളുടെ ബാധ്യതയാണെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന തീർഥാടകർക്ക് മുന്തിയ സേവനം നൽകണമെന്ന ഭരണ നേതൃത്വത്തിന്റെ താൽപര്യം പരിഗണിക്കണമെന്ന് ഹജ് ഉംറകാര്യ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വീകരണവും യാത്രയയപ്പും സംഘടിപ്പിച്ചതെന്നും മുഹമ്മദ് അൽബൈജാവി വ്യക്തമാക്കി.