റിയാദ്- സുഡാനില്‍ നിന്ന് പാക് പൗരന്മാര്‍ അടക്കമുള്ളവരുടെ ഒഴിപ്പിക്കല്‍ പ്രക്രിയ വിജയകരമായതില്‍ പാക് വിദേശ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി സൗദി അറേബ്യയെ അഭിനന്ദിച്ചു. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി ഫോില്‍ ബന്ധപ്പെട്ട പാക് വിദേശ മന്ത്രി, എല്ലാ പ്രൊഫഷനലിസത്തോടെയും ഭംഗിയായും ഒഴിപ്പിക്കല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ സൗദി വകുപ്പുകളുടെ ഉയര്‍ന്ന കാര്യക്ഷമതയെ പ്രശംസിച്ചു. സുഡാനില്‍ പരസ്പരം പോരടിക്കുന്ന കക്ഷികള്‍ തമ്മിലെ സംഘര്‍ഷവും അക്രമവും അവസാനിപ്പിക്കാനും സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനും നടത്തുന്ന ശ്രമങ്ങള്‍ പാക്, സൗദി വിദേശ മന്ത്രിമാര്‍ വിശകലനം ചെയ്തു. അതിനിടെ, സുഡാനില്‍ നിന്ന് സൗദി അറേബ്യ ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ച വിവിധ രാജ്യക്കാര്‍ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ തുടങ്ങി.