കൊച്ചി- കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പഴുതടച്ച സുരക്ഷ ഒരുക്കാന്‍ രണ്ടായിരത്തിലധികം പോലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ കെ സേതുരാമന്‍. തേവര എസ്എച്ച് കോളജ് ഗ്രൗണ്ടില്‍ ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയില്‍ 20,000 പേര്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ മാത്രമായിരിക്കും അനുവദിക്കുകയെന്നും കമ്മീഷ്ണര്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വൈകിട്ട് നാല് മണി മുതല്‍ ട്രാഫിക് നിയന്ത്രണം ആരംഭിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. നിലവിലെ തീരുമാനപ്രകാരം തിങ്കളാഴ്ച വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തും. കൊച്ചി നേവല്‍ ബേസില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ബിജെപിയുടെ റോഡ് ഷോയില്‍ പങ്കെടുക്കും. റാലിയില്‍ 15,000 പേര്‍ പങ്കെടുക്കുമെന്ന് കമ്മീഷ്ണര്‍ പറഞ്ഞു. റോഡ് ഷോയുടെ ദൂരം 1.8 കിലോമീറ്ററായി കൂട്ടിയിട്ടുണ്ട്. വെണ്ടുരുത്തി മുതല്‍ തേവര കോളജ് വരെയാകും റോഡ് ഷോ. തുടര്‍ന്ന് യുവം പരിപാടി ആരംഭിക്കും.
വൈകുന്നേരം ഏഴ് മണിക്ക് പ്രധാനമന്ത്രി കൊച്ചിയില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരെ കാണും. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലില്‍ വച്ചാണ് കൂടിക്കാഴ്ച്ച. ചൊവ്വാഴ്ച്ച രാവിലെ 9:30ക്ക് മോദി തിരുവനന്തപുരത്തേക്ക് തിരിക്കും.പ്രധാമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞും ചൊവ്വാഴ്ച രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവര ഫെറി, എംജി റോഡ്, ഐലന്‍ഡ്, ബിഒടി ഈസ്റ്റ് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം.