ഇടുക്കി - പൂപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. തേനി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന, തിരുനെൽവേലി സ്വദേശി സുധ(20)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകീട്ട് പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവർക്ക് ജീവൻ നഷ്ടമായ അപകടത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവർ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാറിൽ വിവാഹത്തിൽ പങ്കെടുത്ത് തമിഴ്‌നാട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. വാൻ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.