Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല

കോഴിക്കോട് - കേരളത്തില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്നുന്നു. സ്വകാര്യ ആശുപത്രികളില്‍ മിക്കയിടത്തും മുന്‍പുണ്ടായിരുന്ന പോലെ പ്രത്യേക കോവിഡ് വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ കോവിഡ് ബാധ കൂടുതലുള്ളതെന്നും പരിശോധിക്കുന്ന പത്ത് കേസുകളില്‍ എട്ടും കോവിഡ് പോസറ്റീവ് ആണെന്നും കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപ്രതി അധികൃതര്‍ 'മലയാളം ന്യൂസി 'നോട്  പറഞ്ഞു. വിവിധ ലക്ഷണങ്ങളിലൂടെ കോവിഡ് ബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയമുള്ളവരെ മാത്രമേ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നുള്ളൂ. അതേ സമയം നേരത്തെയുണ്ടായിരുന്ന രീതിയില്‍ കോവിഡ് ബാധിതര്‍ക്ക്  വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്ല. ഭൂരിഭാഗം പേരും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തത് കൊണ്ടായിരിക്കാം കോവിഡ് വൈറസ് ശരീരത്തെ വലിയ തോതില്‍ ബാധിക്കാത്തതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് ചികിത്സക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
കോവിഡ് വ്യാപനം വലിയ തോതില്‍ ഉയരുമ്പോഴും ഇതിനെതിരെയുള്ള പ്രതിരോധം വേണ്ട രീതിയില്‍ നടക്കുന്നില്ല. കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാത്ത സ്ഥിതിയുണ്ട്. സ്വകാര്യ ആശുപത്രികളില്‍ പി പി കിറ്റ് പോലും ധരിക്കാതെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് രോഗികളെ പരിചരിക്കുന്നത്. കടുത്ത ചൂട് ആയതിനാല്‍ പി പി കിറ്റ് ധരിച്ചു കൊണ്ട് കോവിഡ് രോഗികളെ പരിചരിക്കുകയെന്നത് സാധ്യമാകുന്നില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ആശുപത്രികളിലും മറ്റും മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.
സംസ്ഥാനത്ത് കോവിഡ് ടി പി ആര്‍ 28.25 ശതമാനമാണ്. ഇത് വലിയ തോതിലുള്ള രോഗവ്യാപന സാധ്യതയെയാണ് കാണിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ടി പി ആര്‍ അഞ്ച് ശതമാനത്തില്‍ താഴെ വരുമ്പോഴാണ് കോവിഡ് നിയന്ത്രണ വിധേയമാകുന്നത്. നിലവില്‍ ദല്‍ഹി കഴിഞ്ഞാല്‍ രാജ്യത്ത് എറ്റവും കൂടുതല്‍ ടി പി ആര്‍ റേറ്റ് കേരളത്തിലാണ്. കോവിഡ് രോഗികളുടെ എണ്ണവും ടി പി ആര്‍ റേറ്റും ഉയരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

 

 

 

 

 

Latest News