തിരുവനന്തപുരം - സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. 15കാരിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഇന്‍ന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിച്ച് നെയ്യാറ്റിന്‍കരയിലെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മുങ്ങുകയായിരുന്നു. എറണാകുളം കാലടി സ്വദേശികളായ അഖിലേഷ് സാബു, അജിന്‍സാം, ജിതിന്‍ വര്‍ഗീസ്, ശ്രുതി സിദ്ധാര്‍ത്ഥ്, പൂര്‍ണ്ണിമ ദിനേഷ് എന്നിവരെയാണ് പാറശാല പൊലീസ് അറസ്റ്റു ചെയ്തത്.
ഏപ്രില്‍ 17 ന് രാത്രിയിലായിരുന്നു സംഭവം. കളിയിക്കാവിളയില്‍ എത്തിയ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കരയിലെ ഒരു ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കാമുകന്‍ ഫോണ്‍ ഓഫാക്കി മുങ്ങി. സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.വീട്ടുകാര്‍ പാറശാല പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനും സഹായികളായ നാലുപേരും കാലടിയില്‍ നിന്ന് പിടിയിലായത്. അറസ്റ്റിലായ അഞ്ച് പ്രതികളെയും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.