സെയ്ന്റ്പീറ്റേഴ്‌സ്ബർഗ് - പരിക്കിനെ കുറിച്ച ആശങ്കകൾ അസ്ഥാനത്ത്. കോസ്റ്ററീക്കക്കെതിരായ ഇന്നത്തെ ഗ്രൂപ്പ് സി മത്സരത്തിൽ ബ്രസീലിന്റെ ആക്രമണം നെയ്മാർ നയിക്കുമെന്ന് കോച്ച് ടിറ്റി പ്രഖ്യാപിച്ചു. സ്വിറ്റ്‌സർലന്റിനെതിരെ ഇറങ്ങിയ അതേ ഇലവൻ തന്നെയായിരിക്കും കോസ്റ്ററീക്കക്കെതിരെയും ബൂട്ട് കെട്ടുകയെന്നും കോച്ച് വെളിപ്പെടുത്തി. എങ്കിൽ റോബർടൊ ഫിർമിനോക്കു പകരം ഗബ്രിയേൽ ജീസസ് ടീമിൽ സ്ഥാനം നിലനിർത്തും. കഴിഞ്ഞ ലോകകപ്പിലെ നായകൻ തിയാഗൊ സിൽവയായിരിക്കും ഇന്ന് ടീമിനെ നയിക്കുക. ഓരോ കളിയിലും മാറിമാറി ക്യാപ്റ്റനെ നിശ്ചയിക്കുകയാണ് ടിറ്റി. ആദ്യ കളിയിൽ മാഴ്‌സെലൊ ആയിരുന്നു ക്യാപ്റ്റൻ. 2014 ലെ ലോകകപ്പിൽ പ്രി ക്വാർട്ടറിലെ പെനാൽട്ടി ഷൂട്ടൗട്ടിന് മുമ്പ് തിയാഗൊ വിങ്ങിപ്പൊട്ടിയത് ഏറെ വിമർശിക്കപ്പെട്ടിരുന്നു.
സ്വിറ്റ്‌സർലന്റിനെതിരായ കളിയിൽ നിരന്തരം ഫൗൾ ചെയ്യപ്പെട്ട നെയ്മാർ തിങ്കളാഴ്ച പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചൊവ്വാഴ്ച പരിശീലനം പൂർത്തിയാക്കാതെ മടങ്ങുകയും ചെയ്തിരുന്നു. ഫൗൾ ചെയ്യപ്പെട്ടെങ്കിലും ആദ്യ കളിയിൽ വലിയ ഫോമിലായിരുന്നില്ല നെയ്മാർ. നെയ്മാറിനോട് ഒറ്റക്ക് ഗോളടിക്കണമെന്ന ചിന്ത ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നുവോയെന്ന് ചോദിച്ചപ്പോൾ ടിറ്റി രോഷാകുലനായി. ആദ്യ മത്സരത്തിൽ ബ്രസീൽ നന്നായി തുടങ്ങിയ ശേഷം കാറ്റൊഴിഞ്ഞ ബലൂൺ പോലെ ആയിരുന്നു. കോസ്റ്ററീക്കയെ സെർബിയ തോൽപിച്ചു. ബ്രസീലും കോസ്റ്ററീക്കയും തമ്മിലുള്ള മൂന്നാമത്തെ ലോകകപ്പ് മത്സരമാണ് ഇത്. 1990 ൽ 1-0 നും 2002 ൽ 5-2 നും ബ്രസീൽ ജയിച്ചു.
ഗ്രൂപ്പ് ഇ-യിൽ സെർബിയയാണ് ഒന്നാം സ്ഥാനത്ത്. സെർബിയയുമായി ബുധനാഴ്ചയാണ് ബ്രസീലിന്റെ മത്സരം.