സോചി - കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരായ നെതർലാന്റ്‌സ് ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നാണ് സ്വീഡൻ ലോകകപ്പ് പ്ലേഓഫിന് യോഗ്യത നേടിയത്. പ്ലേഓഫിൽ തോൽപിച്ചത് നാലു തവണ ചാമ്പ്യന്മാരായ ഇറ്റലിയെ. നാലു തവണ ചാമ്പ്യന്മാരായ ജർമനിക്കായിരിക്കുമോ ഇനി അവരുടെ മുന്നിൽ വീഴാനുള്ള യോഗം. നാളെ രാത്രി ജർമനി നിർണായക മത്സരത്തിൽ സ്വീഡനെ നേരിടുകയാണ്. തോറ്റാൽ പുറത്താകുമെന്ന് ഏതാണ്ടുറപ്പ്. ലോകകപ്പിനെ അത് പിടിച്ചുകുലുക്കും.
നിലവിലെ ചാമ്പ്യന്മാർക്ക് നല്ല കാലമല്ല സമീപകാല ലോകകപ്പുകളിൽ. 1998 ലെ ചാമ്പ്യന്മാരായ ഫ്രാൻസ് 2002 ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടന്നില്ല. 2006 ലെ ചാമ്പ്യന്മാരായ ഇറ്റലി 2010 ൽ ആദ്യ റൗണ്ടിൽ പുറത്തായി. 2010 ലെ ചാമ്പ്യന്മാരായ സ്‌പെയിൻ 2014 ൽ നാണം കെട്ട് ആദ്യ റൗണ്ടിൽ മടങ്ങി. മെക്‌സിക്കോയോട് ആദ്യ മത്സരത്തിൽ തോറ്റതോടെ ജർമനിയും ആ പാതയിലാണ്.
2006 നു ശേഷം ആദ്യമായി ലോകകപ് കളിക്കുന്ന സ്വീഡന് ജർമനിയെ തോൽപിക്കുക എളുപ്പമല്ല. അപ്രതീക്ഷിത വിജയം നേടിയാൽ അവർ പ്രി ക്വാർട്ടറിലെത്തും. തെക്കൻ കൊറിയയെ കഷ്ടിച്ച് 1-0 ന് മറികടന്ന ശേഷം കോച്ച് യാൻ ആൻഡേഴ്‌സൻ കളിക്കാരെ ആഹ്വാനം ചെയ്തത് ലോക ചാമ്പ്യന്മാർക്കെതിരെ വിജയത്തിനാണ്. 1982 നു ശേഷം ആദ്യമായാണ് ജർമനി ലോകകപ്പിലെ ആദ്യ മത്സരം തോൽക്കുന്നത്.
പ്രത്യാക്രമണങ്ങൾക്കു മുന്നിൽ പതറുന്ന ജർമനിയെയാണ് മെക്‌സിക്കോക്കെതിരെ കണ്ടത്. എന്നാൽ മെക്‌സിക്കോയെ പോലെ അതിവേഗത്തിൽ പ്രത്യാക്രമണം നടത്താൻ കെൽപുള്ള ടീമല്ല സ്വീഡനെന്ന് ജർമൻ താരം തോമസ് മുള്ളർ ആശ്വസിക്കുന്നു. പ്രതിരോധിച്ചു നിൽക്കുകയും തരം കിട്ടുമ്പോൾ ആക്രമിക്കുകയും ചെയ്യുന്നതാണ് സ്വീഡന്റെ രീതി. സ്വീഡന്റെ സുസംഘടിതമായ പ്രതിരോധം മറികടക്കാൻ ജർമനി വല്ലാതെ വെള്ളം കുടിക്കും.
മെക്‌സിക്കോക്കെതിരെ അറുപതാം മിനിറ്റിൽ മാർക്കൊ റോയ്‌സ് ഇറങ്ങിയതോടെയാണ് ജർമൻ ആക്രമണത്തിന് അൽപം തീവ്രത കൈവന്നത്. റോയ്‌സ് നാളെ ആദ്യ ഇലവനിൽ ഇറങ്ങിയേക്കും.
2014 ലെ യോഗ്യതാ റൗണ്ടിൽ സ്വീഡനും ജർമനിയും ഒരു ഗ്രൂപ്പിലായിരുന്നു. ബെർലിനിലെ ആദ്യ പാദം 4-4 സമനിലയായി. സ്വീഡനിലെ രണ്ടാം 5-3 ന് ജർമനി ജയിച്ചു.
ഇംഗ്ലണ്ട് ലൈനപ് വാർത്ത ചോർന്നു
നിഷ്‌നി നോവ്‌ഗൊരോദ് - ഇംഗ്ലണ്ടും പാനമയും തമ്മിലുള്ള മത്സരം ഞായറാഴ്ചയാണ്. ആ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ലൈനപ് എന്നു പറഞ്ഞ് ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് സ്റ്റീവ് ഹോളണ്ട് 3-5-2 ശൈലിയിൽ കളിക്കാരുടെ പേരുകൾ രേഖപ്പെടുത്തിയ ഒരു കുറിപ്പുമായി നീങ്ങുന്നത് മാധ്യമക്യാമറകൾ പിടിച്ചെടുക്കുകയും ചെയ്തു.
സംഭവം ശരിയാണെങ്കിൽ റഹീം സ്റ്റെർലിംഗിനു പകരം മാർക്കസ് റാഷ്ഫഡാണ് സ്റ്റാർടിംഗ് ലൈനപ്പിൽ. പരിക്കേറ്റ ഡെലെ അലിക്കു പകരം റൂബൻ ലോഫ്റ്റസ്ചീക്കും.
ഗോൾ നിഷേധിച്ചു, ആശുപത്രിയിലായി
കസാൻ - സ്‌പെയിനിനെതിരായ ലോകകപ്പ് മത്സരത്തിൽ വീഡിയൊ റഫറി ഗോൾ നിഷേധിച്ചതോടെ ഇറാൻ കോച്ചിംഗ് സ്റ്റാഫിലെ ഒരംഗം ആശുപത്രിയിലായി. സഈദ് ഇസ്സതുല്ലാഹിയുടെ ഗോൾ ഇറാൻ കളിക്കാർ ആഘോഷിക്കുന്നതിനിടെയാണ് ന്യായമായി അത് ഓഫ്‌സൈഡിന്റെ പേരിൽ നിഷേധിക്കപ്പെട്ടത്. ആശുപത്രിയിലായ കോച്ചിംഗ് സ്റ്റാഫിന്റെ പേര് വെളിപ്പെടുത്തിയില്ല. മത്സരം സ്‌പെയിൻ 1-0 ന് ജയിച്ചിരുന്നു.
ബ്രസീലിന്റെ പരാതി ഫിഫ തള്ളി
സോചി - സ്വിറ്റ്‌സർലന്റിനെതിരായ 1-1 സമനിലയിൽ തങ്ങൾക്കനുകൂലമാവേണ്ടിയിരുന്ന രണ്ട് ഫൗളുകൾ എന്തുകൊണ്ട് വീഡിയൊ റഫറിമാർ കണ്ടില്ലെന്ന ബ്രസീലിന്റെ പരാതി ഫിഫ തള്ളി. സ്വിറ്റ്‌സർസന്റിന്റെ സമനില ഗോളടിക്കും മുമ്പ് സ്റ്റീവൻ സുബേർ ഡിഫന്റർ മിരാൻഡ തള്ളിയെന്നും ഗബ്രിയേൽ ജീസസിനെ തള്ളിയിട്ടപ്പോൾ പെനാൽട്ടി അനുവദിച്ചില്ലെന്നുമായിരുന്നു ബ്രസീലിന്റെ പരാതി. വ്യക്തമായ അബദ്ധങ്ങൾ ഒഴിവാക്കുക മാത്രമാണ് വാറിന്റെ ദൗത്യമെന്ന് ഫിഫ വിശദീകരിച്ചതായി ബ്രസീൽ കോൺഫെഡറേഷൻ വെളിപ്പെടുത്തി.