Sorry, you need to enable JavaScript to visit this website.

സി.എച്ച് സെന്‍ററിന്‍റെത് മഹത്തായ പ്രവർത്തനം, മുഴുവൻ മതസ്ഥരെയും കൂട്ടിയിണക്കുന്നു- എ.എൻ.ഷംസീർ

തലശ്ശേരി സി.എച്ച് സെന്റർ സംഘടിപ്പിച്ച സ്‌നേഹ സംഗമം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി-നമ്മുടെ രാജ്യത്ത് നടക്കുന്നത് സാംസ്‌ക്കാരിക വംശഹത്യയാണെന്നും ഒരു മത വിശ്വാസത്തിൽപ്പെട്ടവരെ ഒന്നാകെ ഭീകരവാദികളാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്പീക്കർ എ.എൻ ഷംസീർ ചൂണ്ടിക്കാട്ടി.തലശ്ശേരി സി.എച്ച് സെന്റർ സംഘടിപ്പിച്ച പെരുന്നാൾ സൗഹൃദ സംഗമം തലശ്ശേരി ജനറലാശുപത്രിക്ക് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മുഗളൻമാരുടെ ചരിത്രം പഠിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല. മുഗളൻമാരെ ആക്ഷേപിക്കുന്നവർ പ്രചരിപ്പിക്കുന്ന കഥ അവർ മതപരിവർത്തനത്തിന് നേതൃത്വം കൊടുത്തെന്നാണ്. മുഗളൻമാർ ഈ രാജ്യം ഭരിക്കുന്നത് ഗംഗാ സമതലങ്ങളിലാണ്. ഇവിടെ ചരിത്രത്തെ വക്രീകരിക്കുന്നവർ പറയുന്നത് പോലെയാണെങ്കിൽ ഗംഗാ സമതലങ്ങളിൽ മുഗൾമാരുടെ  മത വിശ്വാസികളായിരിക്കും കൂടുതലും.  എന്നാൽ അവിടെയുള്ള മുഗളൻമാരായ മതന്യൂനപക്ഷങ്ങളുടെ ശതമാനം വെറും 15 ശതമാനമാണെന്ന് നാം ഓർക്കണം. ക്ഷമാപൂർവ്വം ചരിത്രം പഠിപ്പിക്കാനും ഭരണഘടന പഠിപ്പിക്കാനും നമുക്ക് കൂട്ടായി പരിശ്രമിക്കണം. നമ്മുടെ രാജ്യത്ത് എന്തെല്ലാം വ്യതിയാനം വന്നിട്ടും അതിനെ ശരിയായ ദിശയിലേക്ക് നയിച്ചത് ഈ രാജ്യത്തെ ജനങ്ങളാണ്. അതുകൊണ്ട് ചരിത്രത്തെ വക്രീകരിക്കാൻ ശ്രമിക്കുന്നവർക്ക്  ജനശക്തിക്ക്  പിടിച്ച് നിൽക്കാൻ സാധിക്കാറില്ല. അതിനാൽ ഇത്തരക്കാർ ജനങ്ങുടെ മുന്നിൽ കീഴടങ്ങേണ്ടി വരുമെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും കേരളത്തിലെ സാമൂഹ്യ സംഘടനകൾ കാണിക്കുന്ന ആത്മാർതമായ ഇടപെടലുകൾ മഹത്തരമാണെന്നും ഇതിൽ തന്നെ ഗവൺമെന്റ് ആശുപത്രികൾ കേന്ദ്രീകരിച്ചു സി.എച്ച് സെന്ററുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏവർക്കും മാതൃകാപരമാണെന്നും  സ്പീക്കർ പറഞ്ഞു.  മനുഷ്യർ തമ്മിൽ സാഹോദര്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്ന സ്‌നേഹസംഗമങ്ങൾ വർധിപ്പിക്കണമെന്നും ചരിത്രത്തെ വളച്ചൊടിച്ചു ജനങ്ങളിൽ ഭീതിയും വിഭാഗീയതയും പരത്തുന്ന ദുശ്ശക്തികളെ ഒറ്റപ്പടുത്തണം. ഇത്തരം കാലഘട്ടത്തിൽ മനുഷ്യനെ ഒന്നായി കണ്ട് എല്ലാ മതസ്ഥരേയും കൂട്ടിയിണക്കുന്ന സി.എച്ച് സെന്ററുകളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഷംസീർ ചൂണ്ടിക്കാട്ടി.
സ്‌നേഹ സംഗമത്തിൽ സി എച്ച് സെന്റർ വൈസ് ചെയർമാൻ ഡോ .സി .പി നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ ലത്തീഫ്, ഡോ. എ.എം ശിഹാബുദ്ദീൻ, പി.പി അബൂബക്കർ പാർക്കോ, എ.കെ അബൂട്ടി ഹാജി, റഹ്ദാദ് മൂഴിക്കര, കവുള്ളതിൽ കുഞ്ഞിമ്മൂസ, അബ്ദുൽ ഗഫൂർ ഉമ്മർ, എൻ.പി മുനീർ, റഷീദ് കരിയാടാൻ, ഷാനിദ് മേക്കുന്ന്, എൻ.മഹമൂദ് സംസാരിച്ചു. 

Latest News