Sorry, you need to enable JavaScript to visit this website.

സുഡാനില്‍നിന്നുള്ള ഒഴിപ്പിക്കലിന് സൗദി തയാറെടുപ്പ് തുടങ്ങി

റിയാദ്- സംഘര്‍ഷം തുടരുന്ന സുഡാനില്‍നിന്ന് സൗദി പൗരന്മാരേയും സുഹൃദ് രാജ്യങ്ങളിലെ പൗരന്മാരേയും ഒഴിപ്പിക്കുന്നതിന് തയാറെടുപ്പുകള്‍ ആരംഭിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു.

സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരേയും സൗദി വഴി നാട്ടിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച ഉന്നത തലയോഗത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസി പ്രതിനിധി ഓണ്‍ലൈനില്‍ പങ്കെടുത്തിരുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇന്ത്യക്കാരെ അയല്‍രാജ്യങ്ങള്‍ വഴി നാട്ടിലെത്തിക്കാനുള്ള നടപടികളാണ് ആലോചിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
സുഡാന്‍ സൈന്യവും അര്‍ധസേനാവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ 400 ലേറെ പേരാണ് മരിച്ചത്. വെടിവെപ്പില്‍ ഒരു മലയാളിയും മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹവും അവിടെനിന്ന് ഒഴിപ്പിക്കല്‍ ആരംഭിച്ചാല്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്.

സുഡാനിൽനിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിച്ച് നാട്ടിലെത്തിക്കുന്നതിന് ശ്രമം തുടങ്ങിയതായ അമേരിക്ക, യു.കെ, ജപ്പാൻ, സ്വിറ്റ്സർലന്റ്, ദക്ഷിണ കൊറിയ, സ്വീഡൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഈദുൽ ഫിത്വർ ആഘോഷിക്കുന്നതിന് മൂന്ന് ദിവസത്തെ വെടിനിർത്തലിന് സുഡാൻ സൈന്യവും അർധസേന വിഭാഗമായ ആർ.എസ്.എഫും സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ സ്വന്തം പൌരന്മാരേയും സുഹൃദ് രാജ്യങ്ങളിലെ പൌരന്മാരേയും സുഡാനിൽനിന്ന് ഒഴിപ്പിച്ച് നാടുകളിലെത്തിക്കുന്നതിന് സൗദി അറേബ്യ ശ്രമം ഊർജിതമാക്കിയത്.

 

Latest News