ഉള്ള്യേരി- പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരള സന്ദര്‍ശനത്തിനിടെ ചാവേര്‍ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന ഊമക്കത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരക്ഷാ ഭീഷണി പുറത്തു വിട്ടത് പോലീസ് തന്നെയാണ്. ഇത് പോലീസിന്റെ ബുദ്ധിയാണോ അതോ മാറ്റാരുടെയെങ്കിലും ബുദ്ധിയാണോ എന്ന് അറിയണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഒരാഴ്ച മുമ്പാണ് പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണി കത്ത് ലഭിച്ചത്. അപ്പോള്‍ തന്നെ ഡിജിപിക്ക് പരാതിയും നല്‍കി. ഫോണ്‍ നമ്പര്‍ സഹിതമായിരുന്നു പരാതി. ഫോണ്‍ നമ്പര്‍ കേന്ദ്രികരിച്ച് പരിശോധന നടത്തിയോ എന്ന് പോലീസ് വ്യക്തമാക്കാണമെന്നും അദ്ദേഹം പറഞ്ഞു.
പിഎഫ്‌ഐ പോലുള്ള നിരോധിത സംഘടനകള്‍ കേരളത്തിലുണ്ട്. പ്രധാനമന്ത്രിക്കായി എസ്.പി.ജി മികച്ച സുരക്ഷ സംവിധാനം ഒരുക്കും. പ്രധാനമന്ത്രിക്ക് വധഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഭരണകക്ഷിയില്‍പ്പെട്ട പാര്‍ട്ടിയെക്കുറിച്ച് പരാമര്‍ശമുണ്ട്. അവരെ പുറത്താക്കാന്‍ എല്‍ഡിഎഫ് തെയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ വൈകുന്നേരത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. സുരക്ഷ വിലയിരുത്തിക്കൊണ്ടുള്ള ഇന്റലിജന്‍സ് മേധാവി ടി കെ വിനോദി കുമാറിന്റെ റിപ്പോര്‍ട്ടിലാണ് ഭീഷണിയുടെ വിവരങ്ങളും സൂചിപ്പിക്കുന്നത്. ഒരാഴ്ചയ്ക്ക് മുന്‍പ് കെ സുരേന്ദ്രന് ഭീഷണി സന്ദേശം കിട്ടിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.