തിരുവനന്തപുരം - പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടു ദിവസത്തെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന സുരക്ഷാ സംവിധാനത്തിന്റെ വിവരങ്ങള്‍ ചോര്‍ന്നു. സംസ്ഥാന പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. ഇന്റലിജന്‍സ് വിഭാഗം എ ഡി ജി പിയാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി 49 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന ജില്ലകളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. എന്നാല്‍ ഇത് മാധ്യമങ്ങളിലൂടെ അടക്കം ചോരുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോര്‍ച്ചയെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോള്‍ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന ഭീഷണി സന്ദേശം ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസില്‍ ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്നത്.