Sorry, you need to enable JavaScript to visit this website.

പ്രകൃതിയുടെ പാഠങ്ങൾ 


പ്രകൃതിയെ നശിപ്പിക്കുന്നതിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരേ മനസ്സാണ്. പ്രകൃതി ചൂഷണത്തിനെതിരായ സമരങ്ങളുടെ മുൻനിരയിൽ നിൽക്കുന്നവർ തന്നെ അറിഞ്ഞോ അറിയാതെയോ ചൂഷണത്തിന് കൂട്ടു നിൽക്കുന്നവരാണ്. നിയമ സംവിധാനങ്ങളാകട്ടെ, ഉറക്കത്തിലാണ്, അല്ലെങ്കിൽ ഉറക്കം നടിക്കുകയാണ്.


ദുഃഖം ഖനീഭവിച്ച മനസ്സുമായി സൗദിയിൽനിന്ന് പറന്നിറങ്ങിയ മുഹമ്മദ് റാഫിയുടെ ചിത്രം മലയാളിക്ക് മറക്കാനാവില്ല. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കരിഞ്ചോലയിലെ തന്റെ വീടും അതിൽ താമസിച്ചിരുന്ന ഉറ്റവരും വലിയ മൺകൂനക്കടിയിൽ അമർന്നു പോയ കാഴ്ചയാണ് ഗൾഫിൽനിന്നെത്തിയ റാഫിയെ വരവേറ്റത്. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ റാഫിക്ക് നഷ്ടപ്പെട്ടത് ഉപ്പയും ഉമ്മയും ഭാര്യയും മക്കളും സഹോദരിയും അവരുടെ മക്കളുമടക്കം കുടുംബത്തിലെ എട്ടുപേരെയാണ്. മരണം വലിയൊരു മലയായി മഴക്കൊപ്പം അവരുടെ വീടിനെ വിഴുങ്ങുകയായിരുന്നു. പ്രകൃതിയുടെ താണ്ഡവത്തിന് മുന്നിൽ നിസ്സഹായതയുടെ കണ്ണീർക്കണമായി റാഫി നിന്നു. ജീവിതത്തിൽ മറ്റാരുമനുഭവിക്കാനിടയില്ലാത്ത അപൂർവ്വമായൊരു ദുരന്തം അയാളുടെ മനസ്സിൽ വേദനയുടെ ഉരുൾപൊട്ടലായി മാറി.
കേരളം കാലങ്ങളായി നേരിടുന്ന ദുരന്തങ്ങളുടെയും വേദനകളുടെയും മുഖചിത്രമായി റാഫി മാറുകയാണ്. ഓരോ മഴക്കാലവും മരണത്തിന്റെ മലയിടിച്ചിലായി മലയാളിക്ക് മേൽ ആഞ്ഞുപതിക്കുന്നു. കുറെ പേർക്ക് ജീവൻ നഷ്ടപ്പെടുന്നു. അവരുടെ കണ്ണീരുണങ്ങാത്ത ഓർമ്മകളുമായി ബന്ധുക്കൾ ജീവിക്കുന്നു. ദുരന്തത്തെക്കുറിച്ചുള്ള ചർച്ചകൾ അസ്തമിക്കുന്നതോടെ എല്ലാം പഴയ പടിയാകുന്നു. അടുത്ത ദുരന്തം എത്തിനോക്കുന്നത് ആരും തിരിച്ചറിയാറില്ല. വീണ്ടുമൊരു ഉരുൾപൊട്ടൽ മനുഷ്യ ജീവിതങ്ങൾക്ക് മേൽ തൂങ്ങി നിൽക്കുന്നു.
പ്രകൃതി ക്ഷോഭങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമെന്ന പോലെ കേരളത്തിലും വർഷംതോറും ആവർത്തിച്ചു വരികയാണ്. എന്നാൽ ഒരു ദുരന്തവും കൂട്ടമരണവും നമുക്ക് പാഠങ്ങളാകുന്നില്ല. പ്രതിവിധികളും പരിഹാരങ്ങളും കൺമുന്നിൽ തന്നെയുണ്ടെങ്കിലും അതൊന്നും പ്രാവർത്തികമാക്കാൻ നമുക്ക് കഴിയുന്നില്ല. അതിന് ചുമതലയുള്ള സർക്കാരോ ഉദ്യോഗസ്ഥരോ ഉണർന്നു പ്രവർത്തിക്കുന്നില്ല. ഇരിക്കുന്ന കൊമ്പ് മുറിച്ചുകൊണ്ട് ഓരോ മലയാളിയും ദുരന്തത്തെ കൈമാടി വിളിക്കുന്ന തിരക്കിലാണ്.
കേരളത്തിൽ കാലവർഷം നേരിയ സമയ വ്യത്യാസങ്ങളോടെ ഇപ്പോഴും വിരുന്നെത്തുന്നുണ്ട്. മഴ കുറയുന്നുവെന്ന മുറവിളിക്കിടയിലും നാടിനെ ഒരാഴ്ച കൊണ്ട് കശക്കിയെറിയാൻ പാകത്തിലാണ് പേമാരിയെത്താറുള്ളത്. യുഗങ്ങളായി പെയ്യുന്ന മഴയിൽ ഭൂമി ഇക്കാലമത്രയും പിടിച്ചുനിന്നെങ്കിലും ഇന്ന് കുറച്ചൊന്നു കനത്ത മഴയിൽ പോലും മണ്ണ് വിറക്കാൻ തുടങ്ങിയിരിക്കുന്നു. എവിടെയാണ് കാര്യങ്ങൾ പിഴക്കുന്നത്? ആരാണ് ഭൂമിയുടെ അസ്ഥിവാരം തോണ്ടുന്നത്? ഉത്തരം കണ്ണാടികൾക്ക് മുന്നിലുണ്ട്.
അതീവ സന്തുലിതമായ ഘടനയുള്ള ഭൂമിയാണ് മനുഷ്യന് അധിവസിക്കാനായി ലഭിച്ചത്. ഉയർന്നു നിൽക്കുന്ന കുന്നുകൾക്ക് താഴെ ആഴത്തിലുള്ള പുഴകളും പരന്ന വയലുകളുമുണ്ടായിരുന്നു. വെയിലിന്റെ മറുവശത്ത് മഴയും തണുപ്പുമുണ്ടായിരുന്നു. 
മഴക്ക് തളിരിടാനായി മരങ്ങളേറെയുണ്ടായിരുന്നു. മരങ്ങളെ വളർത്തി മഴയും സന്തോഷിച്ചിരുന്നു. എന്നാൽ മനുഷ്യൻ എല്ലാം തെറ്റിദ്ധരിച്ചു. ആഴമുള്ള പുഴയും പരന്ന വയലുകളും നികത്താൻ വേണ്ടിയാണ് മലകൾ സൃഷ്ടിക്കപ്പെട്ടതെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ജെ.സി.ബിയെ അവതരിപ്പിച്ച് നാശത്തിന്റെ നാവുകളെ ഭൂമിയിലേക്കിറക്കി. പാറക്കെട്ടുകളെ പിളർത്തി അവൻ വീടുകളും കെട്ടിടങ്ങളുമുണ്ടാക്കി. ആ പാറക്കെട്ടിലാണ് അവന്റെ തലക്കു മുകളിൽ ഉയർന്നു നിൽക്കുന്ന മല ഇരിപ്പുറപ്പിച്ചിരുന്നതെന്ന് അവൻ മറന്നു. അടിത്തറ തകർന്ന മലകൾ മഴക്കൊപ്പം ദുരന്തത്തിന്റെ ആഘോഷമായി അവന്റെ തലക്കു മുകളിലേക്ക് തന്നെ നിപതിക്കുകയാണ്.
കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഏറെയും സംഭവിക്കുന്നത് മലകളെയും പുഴകളെയും ബന്ധപ്പെട്ടാണ്. കാട്ടിനുള്ളിൽ പേമാരിയും ഉരുൾപൊട്ടലും പ്രകൃതിക്ക് ഏറെ നാശങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും അത് പുറംലോകമറിയാറില്ല. ഒട്ടേറെ കാട്ടുമരങ്ങൾ കടപുഴകുന്നു. നിരവധി വന്യജീവികൾ മരണം പൂകുന്നു. പലപ്പോഴും മനുഷ്യൻ അവിടെ കുരുതി കൊടുക്കപ്പെടുന്നില്ല എന്നതിനാലാണ് കാട്ടിലെ ദുരന്തങ്ങൾ ചർച്ചയാകാതെ പോകുന്നത്. എന്നാൽ ജനവാസ മേഖലയിലെ പ്രകൃതിക്ഷോഭങ്ങൾ എന്നും നമ്മെ ഞെട്ടിക്കുന്നു, വേദനിപ്പിക്കുന്നു. മലയിടിച്ചിലിൽ നിരവധി ജീവിതങ്ങൾ പൊലിയുമ്പോഴും പുഴ നിറഞ്ഞൊഴുകി ജീവനെടുക്കുമ്പോഴും നാം മുറവിളി കൂട്ടുന്നു. ഓരോ മലയും ഇടിയുന്നത് അതിന്റെ അടിതെറ്റുമ്പോഴാണെന്ന് നാം ഇനിയും തിരിച്ചറിയാതെ പോകുന്നു. മലമ്പ്രദേശങ്ങൾ ഏറെയുള്ള കേരളത്തിൽ മണ്ണൊലിപ്പ് തടഞ്ഞു നിർത്തുന്നത് മരങ്ങളാണെന്ന ആദ്യ പാഠങ്ങൾ നാം പ്രൈമറി ക്ലാസുകളിൽ തന്നെ മറന്നു വെച്ചിരിക്കുന്നു. പുഴയോരങ്ങൾ കയ്യേറി വീതി കുറച്ചാൽ വെള്ളത്തിന് പുറത്തേക്കുമൊഴുകേണ്ടി വരുമെന്ന സാമാന്യ ബോധം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. വയൽ പരപ്പുകൾ നിരപ്പാക്കുകയും അവക്കിടയിലെ തോടുകളെ മണ്ണിട്ടു നികത്തുകയും ചെയ്താൽ വെള്ളം ആർത്തലച്ചു വരുന്നത് നമ്മുടെ വീട്ടുമുറ്റങ്ങളിലേക്ക് തന്നെയായിരിക്കും.
വികസനത്തിന്റെ പേരിൽ കേരളത്തിൽ ദശകങ്ങളായി നടക്കുന്ന പ്രകൃതി ചൂഷണം ഇന്നത്തെ ദുരവസ്ഥക്ക് പ്രധാന കാരണമാണ്. മലമുകളിൽ റിസോർട്ടും പാർക്കും നിർമിക്കുന്നതാണ് വികസനമെന്ന് നാം പുതിയ നിർവചനങ്ങളുണ്ടാക്കി. ഇതിനായി മലകളെ തുരന്നെടുത്തു. താമരശ്ശേരിയിലെ ഉരുൾപൊട്ടലിന് കാരണം മലമുകളിൽ അനധികൃതമായി നിർമിച്ച ജലാശയമാണെന്ന് സംശയം ബലപ്പെട്ടിട്ടുണ്ട്. ഇത്തരം ജലാശയങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അവയെ കുറിച്ച് പുറംലോകമറിയാൻ പുതിയ ഉരുൾപൊട്ടലുകൾ വേണ്ടിവന്നേക്കാം.
പ്രകൃതിയെ നശിപ്പിക്കുന്നതിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരേ മനസ്സാണ്. പ്രകൃതി ചൂഷണത്തിനെതിരായ സമരങ്ങളുടെ മുൻനിരയിൽ നിൽക്കുന്നവർ തന്നെ അറിഞ്ഞോ അറിയാതെയോ ചൂഷണത്തിന് കൂട്ടു നിൽക്കുന്നവരാണ്. കേരളത്തിലെ ഭരണപക്ഷ എം.എൽ.എയായ പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള വാട്ടർതീം പാർക്ക് വലിയൊരു പ്രകൃതി ദുരന്തത്തെ അണകെട്ടി നിർത്തിയിരിക്കുകയാണെന്ന സൂചനകൾ ഇതിനകം ഉയർന്നു കഴിഞ്ഞു. മലകൾ വെട്ടിനിരത്തി ജലാശയങ്ങൾ നിർമ്മിച്ച് പ്രകൃതി ചൂഷണത്തിന് ഒരു ജനപ്രതിനിധി തന്നെ നേരിട്ട് നേതൃത്വം നൽകുന്നുവെന്നത് മലയാളികളെ ലജ്ജിപ്പിക്കേണ്ടതുണ്ട്. കായൽ നികത്തിയെന്ന ആരോപണത്തെ തുടർന്ന് ഒരു മന്ത്രിക്ക് രാജിവെക്കേണ്ടി വന്ന സംസ്ഥാനം കൂടിയാണ് കേരളം. ഇവിടെ പ്രകൃതിയെ സംരക്ഷിക്കാൻ ആരാണുള്ളത്.
പ്രകൃതി ദുരന്തങ്ങൾ തടയാനുള്ള ആദ്യത്തെ ചുവട് പ്രകൃതി സംരക്ഷണം തന്നെയാണ്. മണ്ണിനെ പിടിച്ചു നിർത്തുന്ന, മഴക്ക് വിരുന്നൊരുക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നത് തടയണം. മലകൾ ഇടിച്ച് പാറപൊട്ടിച്ച് കരിങ്കല്ലും ക്രഷർ ഉൽപന്നനങ്ങളും ഉണ്ടാക്കുന്ന വലിയ വ്യവസായങ്ങൾക്ക് നിയന്ത്രണം വരണം. പുഴകൾ കൈയേറുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതിനെല്ലാം നിയമമില്ലാഞ്ഞിട്ടല്ല. നിയമം നടപ്പാക്കേണ്ട സംവിധാനങ്ങൾ ഉറക്കത്തിലാണ്, അല്ലെങ്കിൽ ഉറക്കം നടിക്കുകയാണ്. പ്രകൃതി നിവാരണത്തിനും പുഴ സംരക്ഷണത്തിനും പ്രത്യേക സമിതികളും ഫണ്ടുമൊക്കെയുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും ദുരന്തങ്ങൾക്ക് വഴി വെക്കുന്ന കാരണങ്ങളെ കണ്ടെത്തി പരിഹാരമുണ്ടാക്കുന്നതിനോ പ്രകൃതി ക്ഷോഭത്തെ കുറിച്ച് കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനോ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനോ നമുക്ക് കഴിയുന്നില്ല.
പ്രകൃതിയെ സംരക്ഷിച്ചു നിർത്തുന്നതിലും ദുരന്തങ്ങളെ അകറ്റി നിർത്തുന്നതിലും ഓരോ മലയാളിക്കും വലിയ ഉത്തരവാദിത്തം നിറവേറ്റാനുണ്ട്. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടുന്ന ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയത് ലൈക്കിനായി കാത്തിരിക്കുന്ന മലയാളിയാണ് പുതിയ തലമുറക്ക് മുന്നിലെ വലിയ പ്രകൃതി സംരക്ഷകർ. എന്നാൽ ആർത്തലച്ചു വരുന്ന കാലവർഷത്തിന് മുന്നിൽ ഒരു സെൽഫി പോലുമെടുക്കാനാകാതെ നിസ്സഹായനായി മാറുന്നതാണ് മലയാളിയുടെ യഥാർഥ ജീവിതം. 
മഴ പെയ്യട്ടെ, അതിൽനിന്നുണ്ടാകുന്ന ജലശേഖരത്തിന് പുഴയിലേക്കൊഴുകാൻ തോടുകളാണ് നാം പുനഃസൃഷ്ടിക്കേണ്ടത്. ആ ജലപ്രവാഹത്തിന് സൈ്വരമായി മുന്നോട്ടു നീങ്ങാൻ ആഴമുള്ള പുഴകൾ പുനർജനിക്കട്ടെ. തഴച്ചു വളരുന്ന മരങ്ങൾക്കടിയിൽ മണ്ണ് വിറക്കാതെ നിൽക്കട്ടെ. അപ്പോഴാണ് പ്രകൃതിക്ക് സന്തുലനം തിരിച്ചുകിട്ടുന്നത്. ആ സന്തുലനത്തിലാണ് മനുഷ്യ ജീവിതങ്ങൾക്ക് മുന്നിൽനിന്ന് ദുരന്തങ്ങൾ വഴിമാറി പോകേണ്ടത്.


 

Latest News