മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നവരുടെ തേങ്ങലുകൾ കേൾക്കണം. ആഴ്ചകളുടെ മാത്രം ഇടവേളകളിലാണ് ഈ വർഷം ഈസ്റ്ററും വിഷുവും പെരുന്നാളും നമ്മിലേക്ക് എത്തിയത്. അസ്വസ്ഥതകൾ നിത്യകാഴ്ചയാകുന്ന കാലത്ത്, കാലം പോലും നമ്മുടെ സൗഹാർദ്ദത്തിന് കളമൊരുക്കുകയാണ്.
കോഴിക്കോട് - വിശുദ്ധമാസത്തിന്റെ പര്യവസാനമെന്നോണം ആഗതമായ ഈദുൽ ഫിത്വറിനെ സാഹോദര്യം കൊണ്ട് വിരുന്നൂട്ടാനാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
വ്രതാനുഷ്ടാനം കൊണ്ട് കൈവരിച്ച ആത്മശുദ്ധിയുടെ ആഘോഷമാണ് ഈദുൽ ഫിത്വർ. ആഘോഷ ദിനത്തിൽ സ്‌നേഹംകൊണ്ടും സാഹോദര്യംകൊണ്ടും വിരുന്ന് ഊട്ടണം. സർവ്വവും സ്രഷ്ടാവിലേക്ക് സമർപ്പിച്ച്, കളങ്കരഹിതമായി ജീവിച്ച ഒരുമാസത്തിന്റെ പൂർത്തീകരണ വേളയിൽ ലോക നന്മക്കായും സമാധാനത്തിനായും പ്രതിജ്ഞ പുതുക്കണം.
ദുരിതജീവിതം നയിക്കുന്നവർക്കും പ്രയാസം അനുഭവിക്കുന്നവർക്കും സാന്ത്വനമാകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും മുന്നോട്ട് വന്നാണ് അനുഗ്രഹീതമായ റമസാൻ മാസത്തിനും പെരുന്നാൾ ദിനത്തിനും സ്രഷ്ടാവിനോട് നന്ദി കാണിക്കേണ്ടത്.
അലസമായും അശ്രദ്ധമായും ജീവിച്ചിരുന്ന 11 മാസങ്ങൾക്ക് ശേഷം കൂടുതൽ സൂക്ഷമമായി സമയം ചെലവഴിച്ച ഒരു മാസമാണ് കടന്നുപോയത്. റമസാനിൽ നേടിയെടുത്ത വിശുദ്ധിയുടെ ആഘോഷമാണ് ഇന്ന്. പെരുന്നാൾ നമസ്‌കാരവും ഫിത്വർ സകാത്തുമാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. ആഘോഷങ്ങളിൽ നമ്മിലേക്ക് തന്നെ ചുരുങ്ങുന്നതിന് പകരം അല്ലാഹുവിന്റെ പ്രീതിക്കായും സമൂഹത്തിനുവേണ്ടിയും വിശാലമാകുകയാണ് വേണ്ടത്. പെരുന്നാൾ നമസ്‌കാരത്തിന് വേണ്ടി പള്ളിയിലേക്ക് പോകുന്ന വിശ്വാസികളെ വരവേല്ക്കാൻ വഴിക്ക് ഇരുവശത്തും അല്ലാഹുവിന്റെ മാലാഖമാർ കാത്തിരിക്കുമെന്നും അവരോട് തന്റെ പൊരുത്തം ലക്ഷ്യംവെച്ച് നോമ്പനുഷ്ഠിച്ചവരെ കുറിച്ച് അല്ലാഹു സന്തോഷം പങ്കുവെക്കുകയും ചെയ്യുമെന്നാണ് നബി വചനം.
ഒരു മാസം അന്നപാനീയങ്ങൾ ഉപേക്ഷിച്ച് പട്ടിണിയനുഭവിച്ചവർക്ക് ഇന്ന് സുഭിക്ഷത ഉറപ്പു വരുത്തേണ്ട ദിവസം കൂടിയാണ്. പെരുന്നാൾ ആഘോഷിക്കുന്ന ഒരാളും വിശന്നിരിക്കരുതെന്നാണ് മതം പഠിപ്പിക്കുന്നത്. അതിനായി വിഭാവനം ചെയ്തിട്ടുള്ളതാണ് ഫിത്വർ സക്കാത്ത്. എത്രതന്നെ സമ്പന്നനായാലും ദാരിദ്ര്യത്തിന്റെ അങ്ങേ ഗർത്തത്തിലുള്ളവനാണെങ്കിലും പെരുന്നാൾ ദിനം സന്തോഷത്തിന്റേതാണ്. പുതുവസ്ത്രങ്ങൾ ധരിക്കലും സുഗന്ധലേപനങ്ങൾ പുരട്ടുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണ്.
എന്നാൽ സാമൂഹികമായ വിപ്ലവമാണ് റമസാനിന്റെയും ഈദിന്റെയും അകംപൊരുൾ. മതത്തിനും ദേശത്തിനും ജാതിക്കും നിറത്തിനും അപ്പുറം എല്ലാവരെയും മനുഷ്യനായി കാണാനും മാറോട് ചേർക്കാനുമുള്ള കൂടുതൽ ഉത്തരവാദിത്തം ഈ വിശേഷ ദിനത്തിൽ നമുക്കുണ്ട്. ഈ കാലഘട്ടം പോലും നമ്മെ പഠിപ്പിക്കുന്നത് അതാണ്. ആഴ്ചകളുടെ മാത്രം ഇടവേളകളിലാണ് ഈ വർഷം ഈസ്റ്ററും വിഷുവും പെരുന്നാളും നമ്മിലേക്ക് എത്തിയത്. അസ്വസ്ഥതകൾ നിത്യകാഴ്ചയാകുന്ന കാലത്ത് കാലം പോലും നമ്മുടെ സൗഹാർദ്ദത്തിന് കളമൊരുക്കുകയാണ്. സ്‌നേഹവും സൗഹാർദ്ദവും സാഹോദര്യവും പുതുക്കുന്നതിന് റമസാനിൽ ആർജിച്ചെടുത്ത സഹനവും ത്യാഗവും നമുക്ക് കരുത്താകണം. ആത്മസമർപ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമായ ചെറിയ പെരുന്നാൾ ദിനത്തിൽ സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്ന് നോക്കാനുള്ള അവസരം കൂടിയാണ് നമുക്ക് സംജാതമായിരിക്കുന്നത്. നമ്മിൽ നിന്നും കുടുംബത്തിലേക്കും അതുവഴി സമൂഹത്തിലേക്കും ശാന്തിയും സമാധാനവും ഒഴുകണം.
മുമ്പുള്ള ജനതയെ സംബന്ധിച്ച് നോക്കുമ്പോൾ അല്പായുസ്സുകാരാണ് നാം. ഈ ചെറിയ കാലയളവിൽ കേവലം സ്വാർത്ഥ ചിന്തകളിൽ രമിക്കാതെ മനുഷ്യാവകാശം നിഷേധിക്കപ്പെടുന്ന അനേകം കോടി ജനങ്ങളുടെ തേങ്ങലുകളും നിസ്സഹായരായിപ്പോയ ജനങ്ങളുടെയും അനീതികളിൽ ഞെരിഞ്ഞമരുന്നവരുടെയും വേദനകളിൽ നാം പങ്കുകാരാകണം. അത്തരം വേദനകളും തേങ്ങലുകളും ഇല്ലാതാക്കാൻ കഴിയാവുന്ന കാര്യങ്ങൾ ചെയ്യാൻ നമുക്കാവണം. റമസാനിൽ നേടിയെടുത്ത് ഈമാനിന്റെ കരുത്താണ് ഇത്തരം പ്രവർത്തനങ്ങൾക്ക് കൈമുതലാകേണ്ടത്.
അല്ലാഹു കനിഞ്ഞനുഗ്രഹിച്ച ആഘോഷനാളിൽ ദൈവത്തിന്റെ കാരുണ്യവും മാപ്പാക്കലും അതിലൂടെ സ്വർഗീയ ആനന്ദത്തിലേക്ക് ഉയർത്തപ്പെടലും കാംക്ഷിച്ച് പ്രാർത്ഥനയോടെ, സന്മാർഗത്തിലൂടെയാണ് ആഘോഷം പൂർത്തീകരിക്കേണ്ടത്. വിദ്വേഷരഹിതവും സഹവർത്തിത്വവും സമഭാവനയും മാനവരാശിയുടെ സമത്വവും ഉദ്‌ഘോഷിക്കുന്ന പെരുന്നാൾ അതേ അർത്ഥത്തിൽ ആഘോഷിക്കാൻ നമുക്ക് കഴിയണം. കേവലം ആചാരത്തനപ്പുറം പ്രാർത്ഥനാ നിർഭരമായ പ്രതിജ്ഞ പുതുക്കലാക്കണം. എല്ലാവർക്കും ഹൃദ്യമായ ഈദുൽഫിത്വർ ആശംസകൾ; അല്ലാഹു അക്ബർ... വലില്ലാഹിൽ ഹംദ്...