മോസ്‌കോ- റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും ഏറ്റുമുട്ടുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ ഡേവിഡ് ബെക്കാം. ചൈനയിൽ കായിക ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ഡേവിഡ് ബെക്കാമിന്റെ പ്രവചനം. ജൂലൈ പതിനഞ്ചിന് നടക്കുന്ന ഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടുമെന്നും ഇംഗ്ലണ്ട് കിരീടം നേടുമെന്നും ബെക്കാം പറഞ്ഞു. എന്നാൽ ഇംഗ്ലണ്ട് കിരീടം നേടുമെന്നത് സ്വന്തം രാജ്യത്തോടുള്ള തന്റെ ഇഷ്ടം കൊണ്ടു പറയുന്നതാകാമെന്നും ബെക്കാം കൂട്ടിച്ചേർത്തു. 2006ന് ശേഷം ഇതേവരെ ഇംഗ്ലണ്ട് ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ചിട്ടില്ല. ഈ ലോകകപ്പിലെ ആദ്യമത്സരത്തിൽ തുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ട് തോൽപ്പിച്ചിരുന്നു.
തുണിഷ്യയുമായുള്ള ആദ്യ കളി ജയിച്ചതിലെ സന്തോഷം ബെക്കാം മറച്ചുവെച്ചില്ല. എന്നാൽ ഇംഗ്ലണ്ടിന്റെ മുന്നിലുള്ള വഴി കടുപ്പമേറിയതാണെന്നും കാര്യങ്ങൾ എളുപ്പമല്ലെന്നും ബെക്കാം പറഞ്ഞു. യുവാക്കളുടെ ടീമാണ് ഇംഗ്ലണ്ട്. ലോകകപ്പ് പോലുള്ള വലിയ കളികളിൽ വലിയ പരിചയമില്ല. എങ്കിലും അവർ വിജയിക്കും. ഒട്ടേറെ മികച്ച ടീമുകൾ ലോകകപ്പിലുണ്ട്. അവരെയെല്ലാം മറികടന്ന് മുന്നോട്ടുകുതിക്കാൻ ഇംഗ്ലണ്ടിന് സാധിക്കും. നിലവിലുള്ള രീതിയിൽ അർജന്റീന ഇംഗ്ലണ്ടിനെ സെമിയിലോ ഫൈനലിലോ നേരിടാനാണ് സാധ്യത. എന്നാൽ, ഇരുടീമുകളും ഫൈനലിൽ നേർക്കുനേർ വരുമെന്ന് തന്നെയാണ് ബെക്കാം പറയുന്നത്.