കല്യാണം കഴിഞ്ഞ് അഞ്ചു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് എന്റെ മകൻ മുഹമ്മദ്കുട്ടി (മമ്മൂട്ടി)യുടെ ജനനം. അഞ്ചു വർഷം കുട്ടികൾ ജനിക്കാതിരുന്നപ്പോൾ എനിക്കു മക്കളുണ്ടാവില്ലെന്നുപോലും പലരും കരുതി. എന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചെങ്കിലും എന്റെ ഭർത്താവ് വഴങ്ങിയില്ല. അക്കാലത്തു പഴമക്കാരുടെ ഒരു വിശ്വാസമുണ്ട്. സുകുമാരലേഹ്യം സേവിച്ചാൽ ചന്തമുള്ള ആൺകുഞ്ഞ് (സുകുമാരൻ) ജനിക്കുമെന്ന്. അങ്ങനെ കുറച്ചു ദിവസം ഞാൻ വൈക്കത്ത് ചെമ്പിലെ ഭർതൃവീട്ടിൽ നിന്നും എന്റെ വീടായ ചന്തിരൂരിൽ പോയി താമസിച്ചു. ഔഷധം സേവിച്ചു. എന്തായാലും അഞ്ചു വർഷത്തെ കാത്തിരിപ്പു സഫലമായി. ചന്തമുള്ള ഒരാൺകുഞ്ഞുതന്നെ ജനിച്ചു. അതാണ് എന്റെ മകൻ മമ്മൂഞ്ഞ് എന്ന മമ്മൂട്ടി.
മമ്മൂട്ടിക്കു താഴെ എനിക്കു അഞ്ചു മക്കൾ. ആമിന, ഇബ്രാഹിംകുട്ടി, സക്കരിയ, സൗദ, ഷാഹിന. ചെറുപ്പം തൊട്ടേ മമ്മൂട്ടിക്കു സിനിമാക്കമ്പമുണ്ട്. കുട്ടിക്കാലത്ത് മക്കളെ സിനിമയ്ക്ക് കൊണ്ടുപോയിരുന്നത് ബാപ്പ തന്നെയാണ്. ചിലപ്പോൾ ഞാനും പോകും. രണ്ടു കിലോമീറ്റർ നടന്നു പോകണം കൊട്ടകയിലേക്ക്. സെക്കന്റ് ഷോയ്ക്കാണ് പോവുക. കൂടെ അയൽക്കാരനായ തങ്കപ്പനുമുണ്ടാകും. സിനിമയ്ക്കിടയിൽ കുട്ടികളാരെങ്കിലും ഉറങ്ങിപ്പോയാൽ തോളിൽ കിടത്തി കൊണ്ടുവരാനാണ്.
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളായിരുന്നു അന്ന്. കുട്ടിക്കുപ്പായം, സീത, തങ്കക്കുടം, കുപ്പിവള തുടങ്ങിയ ചിത്രങ്ങളൊക്കെ അക്കാലത്ത് കണ്ടതോർക്കുന്നു.
സിനിമ കണ്ടുവന്നാൽ പിന്നെ അതിലെ രംഗങ്ങൾ അഭിനയിച്ചു കാണിക്കലാണ് മമ്മൂട്ടിയുടെ പ്രധാന പണി. കൂടെ മറ്റു പിള്ളേരുമുണ്ടാവും. സംഭാഷണങ്ങളും ഭാവഹാവാദികളുമൊക്കെ അവതരിപ്പിക്കും. നസീറിന്റെ സ്റ്റണ്ടും മധുവിന്റെ ദുഃഖഭാവവും എം.ജി.ആറിന്റെ വാൾപ്പയറ്റും കുതിരസവാരിയുമൊക്കെ മത്സരിച്ചവതരിപ്പിക്കും. ഞാൻ അടുക്കളയിലാണെങ്കിൽ അവിടെയാകും അവരുടെ വേദി. ഒന്നാം സ്ഥാനക്കാരൻ എപ്പോഴും മമ്മൂട്ടി തന്നെയാവും.
നസീറിന്റെ സിനിമകളായിരുന്നു എനിക്കുമിഷ്ടം. നസീറിനെ നേരിലൊന്നു കാണുകയെന്നത് അക്കാലത്ത് വലിയൊരാഗ്രഹമായിരുന്നു. പക്ഷേ, നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല.
മമ്മൂട്ടി നടനായ ശേഷം സുഹൃത്തുക്കളായ താരങ്ങൾ പലരും വീട്ടിൽ വന്നിട്ടുണ്ട്. മോഹൻലാലും സുരേഷ്‌ഗോപിയും ദിലീപുമടക്കം പലരും. ശ്രീനിവാസൻ ചെമ്പിലെ വീട്ടിൽ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. പക്ഷേ, നസീറിനെ കാണാനുള്ള ആഗ്രഹം മാത്രം ബാക്കിയായി.
സ്‌കൂളിലൊന്നും നാടകം കളിച്ചതായി അറിയില്ല. കോളേജിലെത്തിയപ്പോൾ നാടകമഭിനയമൊക്കെ തുടങ്ങി. സിനിമയിലഭിനയിക്കാൻ ആഗ്രഹവും. അങ്ങനെ ഒന്നുരണ്ടു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിൽ തല കാണിച്ചു. അനുഭവങ്ങൾ പാളിച്ചകളിൽ ഒരു ചെറിയ റോൾ, കാലചക്രത്തിൽ തോണിക്കാരൻ. രണ്ടും പക്ഷേ, എനിക്കു തിയേറ്ററിൽ പോയി കാണാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾ കഴിഞ്ഞ് പ്രേംനസീർ മരണപ്പെട്ടപ്പോൾ ടി.വി.യിൽ അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ ഇട്ടു. അപ്പോഴാണ് ഈ സിനിമകൾ ഞാൻ കണ്ടത്. മമ്മൂട്ടിയുടെ ആദ്യസിനിമ യെന്ന് പറയാവുന്ന വിൽക്കാനുണ്ട് സ്വപ്‌നങ്ങളും തിയേറ്ററിൽ നിന്നും കണ്ടിട്ടില്ല. ആദ്യം കണ്ടു മമ്മൂട്ടി ചിത്രം 'മേള'യായിരുന്നു.
അവന്റെ സിനിമാഭിനയത്തെ വക്കീൽ പണിപോലെ ഒരു തൊഴിലായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ. ആദ്യമൊക്കെ എനിക്കു വലിയ ആധിയായിരുന്നു. തെറ്റാണോ അവൻ ചെയ്യുന്നതെന്ന് മനസ്സിലൊരു തോന്നൽ. സിനിമയിൽ പോയാൽ ചീത്തയാകുമെന്ന ഒരു ധാരണയായിരുന്നല്ലോ അന്നൊക്കെ. പക്ഷേ, ബാപ്പ അവനു പൂർണ്ണപിന്തുണ കൊടുത്തിരുന്നു. മാത്രമല്ല, മക്കളെ വലിയ വിശ്വാസവുമായിരുന്നു. വലിയ മതചിട്ടയോടെയാണ് മക്കളെയൊക്കെ വളർത്തിയത്. മദ്രസയിൽ വിട്ട് നല്ലമതവിദ്യാഭ്യാസം കൊടുത്തി ട്ടുണ്ട്. പത്തു കിത്താബ് ഓതിയ കുട്ടിയാണ് മമ്മൂട്ടി. ചെറുപ്പം തൊട്ടേ നമ സ്‌കാരത്തിന് പള്ളിയിലേക്ക് മക്കളെ വിളിച്ചുകൊണ്ടു പോകുമായിരുന്നു. പള്ളിയിലെ ഖത്തീബിന് വീട്ടിൽ നിന്നായിരുന്നു ഭക്ഷണം. അദ്ദേഹം വരു മ്പോഴൊക്കെ മക്കളെ കൂടെയിരുത്തി മതകാര്യങ്ങൾ പറഞ്ഞുകൊടുക്കും. അതുകൊണ്ട് മക്കൾ ചീത്തയാവില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു.
മാത്രമല്ല, ഒന്നും രഹസ്യമാക്കി വെയ്ക്കുന്ന സ്വഭാവം അവനു പണ്ടേയില്ല. എല്ലാ കാര്യവും എന്നോട് വന്നു പറയും. കോളജിൽ പെമ്പിള്ളേരുമായുള്ള സംസാരം പോലും വീട്ടിൽ വന്നു പറയും. വീട്ടിലായാലും സിനിമയിലായാലും അവന് ഒരു മുഖമേയുള്ളൂ.
സിനിമയിലായാലും അവൻ വേദനിക്കുന്ന രംഗങ്ങൾ എനിക്കു കണ്ടുനിൽക്കാനാവില്ല. മൃഗയയിലും സൂര്യമാനസത്തിലുമൊക്കെ അവനു തല്ലു കൊള്ളുന്നതു കണ്ട് എന്റെ കണ്ണു നിറഞ്ഞിട്ടുണ്ട്. സൂര്യമാനസത്തിലെ അമ്മ ഞാനായി മാറിയിട്ടുണ്ട്. എല്ലാം സിനിമയുടെ ടെക്‌നിക്കുകളല്ലേ ഉമ്മാ എന്നുപറഞ്ഞ് മോൻ സമാധാനിപ്പിക്കും. പക്ഷേ, സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അതൊക്കെ മറന്നുപോകും.
ചെറുപ്പം തൊട്ടേ ഭക്ഷണപ്രിയനാണവൻ. ഷൂട്ടിംഗ് അടുത്തെവിടെയെങ്കിലുമാണെങ്കിൽ രാത്രിയിൽ വീട്ടിലെത്തും. അവൻ വരുന്ന വിവരമറിഞ്ഞാൽ ബാപ്പ പോയി നല്ല മീനൊക്കെ വാങ്ങിവരും. കരിമീനും ചെമ്മീനു മൊക്കെ വലിയ ഇഷ്ടമാണ്. മുള്ളുകളുള്ള ചെറിയ മീനുകളോടും പ്രിയം.
ചോറും കറികളുമുണ്ടാക്കി ഞങ്ങൾ കാത്തിരിക്കും. ചിലപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞ് പാതിരാത്രിയിലൊക്കെയാവും വരിക. പക്ഷേ, എത്ര വൈകിയാലും അവൻ വന്നു ഭക്ഷണം കഴിച്ചുകിടന്നിട്ടേ ബാപ്പ ഉറങ്ങുകയുള്ള മരിക്കുവോളം.
ദൂരെയാണ് ഷൂട്ടിംഗ് എങ്കിലും ചിലപ്പോൾ ക്ഷണമുണ്ടാക്കി കൊടുത്തയയ്ക്കും. ഒറ്റപ്പാലത്തേക്കുവരെ വൈക്കത്തുനിന്ന് ഭക്ഷണമുണ്ടാക്കി കൊടുത്തയച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് ഭക്ഷണം വരുന്നുണ്ടെന്നറിഞ്ഞാൽ പിന്നെ അവൻ ഒന്നും കഴിക്കാതെ സെറ്റിൽ കാത്തിരിക്കും.
എട്ട് മാസം മാത്രമേ മുലകുടിക്കാൻ മമ്മുട്ടിക്ക് ഭാഗ്യമുണ്ടായിട്ടുള്ളൂ. അപ്പോഴേക്കും രണ്ടാമത്തെ മകൾ വയറ്റിൽ ജന്യം കൊണ്ടിരുന്നു. ഒന്നര വയസ്സായപ്പോഴേയ്ക്ക് ആമിനയെ പ്രസവിച്ചു. കുട്ടികളെ രാത്രിയിൽ അടുത്ത് കിടത്തുന്ന രീതിയെനിക്കില്ല. തൊട്ടിലിൽ കിടത്തിയാണ് ഉറക്കുക. എല്ലാ മക്കളേയും അങ്ങനെയാണ് ഞാൻ വളർത്തിയത്. കുഞ്ഞുങ്ങളെ ഇഷ്ടമാണെങ്കിലും മൂത്രമൊക്കെ മേലാകുന്നത് എനിക്കിഷ്ടമല്ല. വലിയ ഇഷ്ടമാണെങ്കിലും മൂത്രമൊക്കെ മേലാകുന്നത് എനിക്കിഷ്ടമല്ല.
കുട്ടിക്കാലത്തൊരു പാവത്താനായിരുന്നു മമ്മൂട്ടി. ചെറുപ്പത്തിൽ കുസൃതികളൊന്നുമില്ല. കുലശേഖരമംഗലത്താണ് സ്‌കൂളിൽ ചേർന്നത്. അവിടെ മമ്മൂട്ടിയെ എപ്പോഴും ശല്യം ചെയ്യുന്ന ചില പിള്ളേരുണ്ടായിരു ന്നു. അവരുടെ ആക്രമണം ഭയന്നാണ് മമ്മൂട്ടി എന്റെ നാടായ ചന്തിരൂരിലേക്ക് സ്‌കൂൾ മാറിയത്. ഇന്ന് വില്ലന്മാരെ അടിച്ചൊതുക്കുന്ന, ഓടിക്കുന്ന നായകൻ വില്ലന്മാരെ പേടിച്ച് നാടുവിട്ടോടിയത് ഓർത്ത് ചിരിക്കാറുണ്ട് ഞാനിപ്പോഴും.
ചന്തിരൂരിൽ സ്‌കൂൾ പഠനം തുടങ്ങിയശേഷം ഒരിക്കൽ ചെമ്പിലെ ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് മമ്മൂട്ടി വന്നു. ബാപ്പയോടൊപ്പം ഉത്സവ ത്തിന് പോയി. അവിടെയുമാ സ്‌കൂളിലെ മമ്മൂട്ടിയുടെ വില്ലന്മാർ. മമ്മൂട്ടി ബാപ്പയ്ക്ക് അവരെ കാണിച്ചുകൊടുത്തു. ബാപ്പയാവട്ടെ, അവരെ ചീത്ത പറഞ്ഞ് വിരട്ടിയോടിച്ചു. ഓട്ടത്തിനിടയിൽ ചിലർ ബാപ്പയുടെ കയ്യിൽപ്പെ ട്ടു. നിന്നെ അടിച്ചവരെ ഞാൻ പെരുമാറിയിട്ടുണ്ടെന്ന് ബാപ്പ പറഞ്ഞപ്പോൾ മമ്മൂട്ടിക്ക് സന്തോഷമായി.
അല്പം മുതിർന്നപ്പോൾ മമ്മൂട്ടിക്ക് കുസൃതികളൊക്കെ തുടങ്ങി. ഒരിക്കൽ കുമ്പളത്ത് നിന്ന് ബാപ്പയുടെ പെങ്ങൾ വിരുന്നുവന്ന വള്ളമെടുത്ത് മമ്മൂട്ടി തുഴഞ്ഞുപോയി, പത്തുപന്ത്രണ്ട് വയസ്സാണ് അന്ന്. ഞങ്ങളൊക്കെ പരിഭ്രമിച്ചു. വള്ളം നിയന്ത്രണം വിട്ട് അകലെ ദ്വീപുപോലെ ഒരു സ്ഥലത്ത് ചെന്നുനിന്നു. പണിക്കാരും വഞ്ചിക്കാരുമൊക്കെ പോയാണ് അന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്നത്. അന്ന് ബാപ്പയുടെ കയ്യിൽ നിന്ന് നല്ല അടിയും വാങ്ങി. ഞാൻ അവനെ തല്ലിയിട്ടില്ല. ആൺകുട്ടികളെയൊന്നും തല്ലിയി ട്ടില്ല. പെൺപിള്ളേർ ചിലപ്പോൾ തല്ല് വാങ്ങിയിട്ടുണ്ട്. അല്പം മുതിർന്നപ്പോൾ ടൗണിൽ പോയി വരുമ്പോഴും കോളജിൽ നിന്ന് വരുമ്പോഴുമൊക്കെ കള്ള് കുടിച്ചപോലെ ആടിയാടിയാണ് വരിക. ആദ്യം ഞാനൊന്ന് പരിഭ്രമിക്കും. പിന്നെ മനസ്സിലാകും അത് അഭിനയമാണെന്ന്.
വീട്ടുമുറ്റത്ത് നാടകം കളിക്കാൻ അയൽപക്കത്തെ കുട്ടികളൊക്കെയുണ്ടാവും. ഡബിൾ മുണ്ടും സാരിയുമൊക്കെ ഏച്ചുകെട്ടിയാണ് കർട്ടനും സ്‌റ്റേജുമൊക്കെയുണ്ടാക്കുക. മണ്ണെണ്ണ ഒഴിക്കുന്ന നാളത്തിൽ തുണിചുറ്റി മൈക്ക് ഉണ്ടാക്കും. സിനിമയുടെ പാട്ടുപുസ്തകം ശേഖരിക്കുക. മമ്മൂട്ടിക്ക് വലിയ ഇഷ്ടമായിരുന്നു.
പള്ളിക്കമ്മിറ്റി പ്രസിഡണ്ടായിരുന്ന ബാപ്പ മക്കളെ വളർത്തിയത് വലിയ മതചിട്ടയോടെയാണ്. മമ്മൂട്ടി സിനിമയിൽ പോയപ്പോൾ അത് അദ്ദേഹം എതിർത്തില്ല, പ്രോത്സാഹിപ്പിച്ചു. ഉൽക്കണ്ഠയും വേവലാതിയു മുണ്ടായിരുന്നു എനിക്ക്, എന്നെ അദ്ദേഹം ആശ്വസിപ്പിച്ചു. നമ്മുടെ മക്കൾ വഴിവിട്ട് പോകില്ലെന്ന് അദ്ദേഹം പറയും, അത്രയ്ക്ക് വിശ്വാസമായിരുന്നു അദ്ദേഹത്തിന്. അതുപോലെ തന്നെ അവരൊന്നും ചീത്തയായിപ്പോയില്ലെന്നതാണ് എന്റെ ആശ്വാസം. അൽഹംദുലില്ലാഹ്.