തലയോലപ്പറമ്പ്- തലയാഴം ആലത്തൂരില്‍ ഇതര സംസ്ഥാനക്കാരിയായ യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ഭര്‍ത്താവ് കുഴിച്ചുമൂടി. അയല്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം കുഴിച്ചിട്ടതായി ആരോപിക്കപ്പെട്ട സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. തലയാഴം ആലത്തൂരില്‍ പ്രദേശവാസിയായ സുരേഷ് ബാബുവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശി നജിമുള്‍ഷേക്കിന്റെ ഭാര്യ ദല്‍ഹി സ്വദേശിയായ 20 കാരി അയിഷ ബുധനാഴ്ച രാത്രി എട്ടോടെ വയറു വേദനയെ തുടര്‍ന്നാണ് പ്രസവിച്ചത്. ഒരു വയസും രണ്ടു മാസവും പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ അയിഷ കഴിഞ്ഞ മാസമാണ് ഭര്‍ത്താവിനടുത്ത് എത്തിയത്. ആദ്യത്തെ കുഞ്ഞു ജനിച്ച ശേഷം ആര്‍ത്തവം നിലച്ച തനിക്ക് ഗര്‍ഭമുണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് യുവതി ഡോക്ടര്‍ക്ക് നല്‍കിയ മൊഴി. ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ജീവിക്കുന്ന സഹോദരങ്ങളായ നാലുപേരുടെ കുടുംബങ്ങള്‍ വാടക വീട്ടില്‍ ഒരുമിച്ചാണ് താമസിക്കുന്നത്.
യുവതിക്ക് വയറുവേദന കലശലായപ്പോള്‍ വീട്ടിലുള്ള സ്ത്രീകള്‍ സഹായത്തിന് സമീപ വീട്ടിലെ വയോധികയെ വിളിച്ചു കൊണ്ടുവരികയായിരുന്നു. ഇവര്‍ വീട്ടിലെത്തിയപ്പോള്‍ കുളിമുറിയില്‍ യുവതി അവശനിലയില്‍ കിടക്കുന്നതു കണ്ടു. സമീപത്തായി വളര്‍ച്ചയെത്താത്ത ശിശുവിന്റെ ചലനമറ്റ രൂപവും കണ്ടു. യുവതിയെ ഉടന്‍ ആശുപത്രിയിലാക്കണമെന്ന് പറഞ്ഞ് അയല്‍ക്കാരി മടങ്ങുന്നതിനിടയില്‍ കുഞ്ഞിന്റെ മൃതദേഹം കവറിലാക്കി യുവതിയുടെ ഭര്‍ത്താവ് പുറത്തേക്കു പോകുന്നതു കണ്ടതായി അയല്‍ക്കാരി പോലീസിനു മൊഴി നല്‍കി. അയല്‍ക്കാര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ആശാവര്‍ക്കറെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്. ആരോഗ്യ വകുപ്പ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈക്കം എ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. മൃതദേഹം കുഴിച്ചിട്ടതായി കരുതുന്ന സ്ഥലം മാര്‍ക്ക് ചെയ്തു പോലീസ് കാവലേര്‍പ്പെടുത്തി. ഇന്ന് ആര്‍.ഡി.ഒയുടെ സാന്നിദ്ധ്യത്തില്‍ കുഴി മാന്തി ജഡം പുറത്തെടുക്കും.