കൽപറ്റ- അപകീർത്തി കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുൽഗാന്ധി നൽകിയ അപ്പീൽ സെഷൻസ് കോടതി തള്ളിയത് വയനാട്ടിൽ യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും പൊതുവെ നിരാശരാക്കി. അതേസമയം, രാഹുൽഗാന്ധി നടത്തുന്ന നിയമപോരാട്ടം ദേശീയതലത്തിൽ കോൺഗ്രസിന്റെയും കേരളത്തിൽ യു.ഡി.എഫിന്റെയും ശാക്തീകരണത്തിനു ഉതകുമെന്ന അഭിപ്രായവും ചില കോണുകളിൽ ഉയർന്നു.
അപ്പീലിൽ സൂറത്ത് സെഷൻസ് കോടതിയിൽനിന്നു അനുകൂല വിധി ഉണ്ടാകുമെന്നും ഇതുവഴി രാഹുൽഗാന്ധിക്കു എം.പി സ്ഥാനം തിരികെ കിട്ടുമെന്നുമാണ് ജില്ലയിലെ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും കരുതിയിരുന്നത്. ദിവസങ്ങൾമുമ്പ് രാഹുൽഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും കൽപറ്റയിൽ യു.ഡി.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പ്രസംഗിച്ച ദേശീയ, സംസ്ഥാന നേതാക്കളും സെഷൻസ് കോടതിയിൽനിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു. അപകീർത്തി കേസിൽ രാഹുൽഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കീഴ്‌ക്കോടതി വിധിച്ച പശ്ചാത്തലത്തിലാണ് പാർലമെന്റ് സെക്രട്ടേറിയറ്റ് രാഹുൽഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയത്.
അപകീർത്തി കേസിനു പിന്നിലെ നിഗൂഢശക്തികളുടെ സ്വാധീനം സൂറത്ത് സെഷൻസ് കോടതി ഉത്തരവിലും പ്രകടമാണെന്ന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. രാഹുൽഗാന്ധിക്കെതിരായ കേസുമായി അശ്ശേഷം ബന്ധമില്ലാത്ത ചില കേസുകളും പരാമർശിച്ചാണ് സെഷൻസ് കോടതി അപ്പീൽ തള്ളിയത്. ഇത് അനുചിതമാണ്. എം.പി സ്ഥാനത്തുനിന്നു അയോഗ്യനാക്കാൻ തക്കവണ്ണം ഗുരുതരമായ പരാമർശങ്ങൾ രാഹുൽഗാന്ധി നടത്തിയിട്ടില്ല. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും ഭരണഘടനയെ മുറുകെപ്പിടിക്കുകയും ചെയ്യുന്ന രാഷ്ടീയ നേതാവാണ് രാഹുൽഗാന്ധി. മേൽക്കോടതിയിൽനിന്നു അദ്ദേഹത്തിനു നീതി കിട്ടുകതന്നെ ചെയ്യുമെന്നും അപ്പച്ചൻ പറഞ്ഞു.
സൂറത്ത് സെഷൻസ് കോടതി അപ്പീൽ തള്ളിയത് ദൗർഭാഗ്യകരമാണെന്നു കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം പറഞ്ഞു. രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷിച്ച ഉത്തരവല്ല കോടതിയിൽനിന്നുണ്ടായത്. സൂറത്ത് സെഷൻസ് കോടതി രാജ്യത്തെ നീതിപീഠങ്ങളിൽ അവസാനത്തേതല്ല. രാജ്യത്തെ നിയമ സംവിധാനത്തിൽ കോൺഗ്രസിനു വിശ്വാസമുണ്ട്. മേൽക്കോടതിയിൽനിന്നു രാഹുൽഗാന്ധിക്കു നീതി കിട്ടും. ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കു ഏറെ ആയുസ് ഉണ്ടാകില്ലെന്നും അബ്രഹാം പറഞ്ഞു.
രാഹുൽഗാന്ധിക്കു നിരപരാധിത്വം മേൽക്കോടതിയിൽ തെളിയിക്കാൻ കഴിയുമെന്നും സെഷൻസ് കോടതിയിൽനിന്നു ഇത്തരത്തിൽ വിധി ഉണ്ടാകുമെന്നല്ല കരുതിയിരുന്നതെന്നും യു.ഡി.എഫ് ജില്ലാ ചെയർമാനും മുസ്‌ലിംലീഗ് നേതാവുമായ കെ.കെ.അഹമ്മദ് ഹാജി പറഞ്ഞു. രാഹുൽഗാന്ധിക്കെതിരായ ബി.ജെ.പി നീക്കങ്ങൾ ദേശീയതലത്തിൽ കോൺഗ്രസിനും സംസ്ഥാനത്ത് യു.ഡി.എഫിനും ഗുണം ചെയ്യുന്നതാണ്. എം.പി സ്ഥാനം നഷ്ടമായ രാഹുൽഗാന്ധിയെ രാജ്യത്തെ ജനങ്ങളിൽ വലിയ വിഭാഗം അനുകമ്പയോടെയാണ് കാണുന്നത്. ബി.ജെ.പിയുടെ തേർവാഴ്ചയ്‌ക്കെതിരെ അദ്ദേഹം നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ചു ജനങ്ങൾക്കു ബോധ്യമുണ്ടെന്നും അഹമ്മദ് പറഞ്ഞു.
രാഹുൽഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതിൽ യു.ഡി.എഫിന് ഒരാശങ്കയും ഇല്ലെന്ന് മുന്നണി ജില്ലാ കൺവീനറും കോൺഗ്രസ് നേതാവുമായ കെ.കെ.വിശ്വനാഥൻ പ്രതികരിച്ചു. അപകീർത്തി കേസിൽ നിയമത്തിന്റെ വഴിയിൽ ഏതറ്റം വരെയും കോൺഗ്രസ് പോകും. സൂറത്ത് കോടതിക്കു മുകളിൽ ഹൈക്കോടതിയും സുപ്രീം കോടതിയുമുണ്ട്. ജനവികാരം രാഹുൽഗാന്ധിക്കൊപ്പമാണ്. അദ്ദേഹത്തെ തേജോവധം ചെയ്യുന്നതിനു ബിജെപി നേതൃത്വം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണ് അപകീർത്തി കേസെന്നും വിശ്വനാഥൻ പറഞ്ഞു.