ജിദ്ദ-റമദാൻ 29 പൂർത്തിയായ ഇന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയത്. ഇത്തരം നിരീക്ഷണ കേന്ദ്രങ്ങളിലെ ഏറ്റവും വലിയ കേന്ദ്രങ്ങളാണ് സുദൈരറിലെയും തമീറിലേതും. എന്നാൽ ഇവിടെനിന്ന് വരുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച്, ഈ രണ്ടിടത്തും മഴക്കാറുണ്ട് എന്നാണ്. ഇവിടെ അന്തരീഷം മേഘാവൃതമാണ്. മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങളുമായി നിരീക്ഷകർ ഈ കേന്ദ്രങ്ങളിലുണ്ട്. ഏറ്റവും പുതിയ നിരീക്ഷണ രീതികളും ദൂരദർശിനികളും ഉപയോഗിച്ചാണ് ശവ്വാലിനെ വീക്ഷിക്കുന്നത്. ഇന്ന് ശവ്വാലിന്റെ ചന്ദ്രക്കല കാണുന്നത് സംബന്ധിച്ച് അന്വേഷിക്കാൻ രാജ്യത്തുടനീളമുള്ള എല്ലാ മുസ്്‌ലിംകളോടും സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. നഗ്‌നനേത്രങ്ങൾ കൊണ്ടോ ടെലിസ്‌കോപ്പ് കൊണ്ടോ അത് കാണുന്നവരോട് അടുത്തുള്ള കോടതിയെ അറിയിക്കാൻ അഭ്യർത്ഥിച്ചു.
കേരളത്തിലും ശനിയാഴ്ചയാണ് പെരുന്നാൾ. ഓസ്‌ട്രേലിയ, തായ്‌ലന്റ്, സിംഗപ്പുർ, ജപ്പാൻ, മലേഷ്യ, ഇന്തോനേഷ്യ, ബ്രുണെ എന്നീ രാജ്യങ്ങളിലും ശനിയാഴ്ച ഈദുൽ ഫിത്വർ ആഘോഷിക്കും.
അതേസമയം, യു.എ.ഇയിൽ ചന്ദ്രപ്പിറവി കണ്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശ്വസിക്കരുതെന്നും ചന്ദ്രപ്പിറവിയുടെ ദൃശ്യം കഴിഞ്ഞ വർഷത്തേതാണെന്നും ഇന്റർനാഷണൽ അസ്‌ട്രോനോട്ടിക്കൽ കോൺഗ്രസ്(ഐ.എ.സി)വ്യക്തമാക്കി. ഇന്ന്(വ്യാഴം) റമദാനിലെ 29-ാം ദിവസമായതിനാൽ മാസപ്പിറവി കണ്ടു എന്ന തരത്തിൽ ചില സോഷ്യൽ മീഡിയ എക്കൗണ്ടുകളിൽനിന്ന് വാർത്തകൾ വന്നിരുന്നു. ഈ സഹചര്യത്തിലാണ് വിശദീകരണവുമായി ഐ.എ.സി രംഗത്തെത്തിയത്.
പ്രചരിക്കുന്ന ചിത്രങ്ങൾ തെറ്റാണെന്ന് ഐ.എ.സി ട്വീറ്റ് ചെയ്തു. അവ ചന്ദ്രക്കലയുടെ പഴയ ചിത്രങ്ങളാണ്. 2022 ഏപ്രിലിലെ ചിത്രമാണ് അവ. ഇന്ന് ചന്ദ്രക്കല കാണുന്നത്, ആസ്‌ട്രോഫോട്ടോഗ്രഫി ഉപയോഗിച്ച് പോലും വളരെ ബുദ്ധിമുട്ടാണെന്നും കേന്ദ്രം വ്യക്തമാക്കി. അറിയപ്പെടുന്നതും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ജ്യോതിശാസ്ത്ര വിവരങ്ങളും ചന്ദ്രക്കല ചിത്രങ്ങളും എടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.