ചോദ്യം: എന്റെ മാതാപിതാക്കൾ 90 ദിവസത്തെ ഉംറ വിസയിൽ വന്നവരാണ്. അതിനു ശേഷം എന്റെ ഉത്തരവാദിത്തത്തിൽ അവരെ ഏറ്റെടുക്കാൻ കഴിയുമോ? അങ്ങനെയെങ്കിൽ അവരുടെ വിസ രണ്ടു മാസത്തേക്ക് നീട്ടിക്കിട്ടുമോ?
ഉത്തരം: ഹജ് ആന്റ് ഉംറ മന്ത്രാലയം ഉംറ വിസയുടെ കാലാവധി 90 ദിവസമായി ദീർഘിപ്പിച്ചതാണ്. നേരത്തെ ഇത് 30 ദിവസമായിരുന്നു. നിലവിൽ 90 ദിവസം തുടരാം. അതിനു ശേഷം ഉംറ വിസ ദീർഘിപ്പിക്കൽ സാധ്യമല്ല. നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുത്താലും ഉംറ വിസ ദീർഘിപ്പിക്കാനുള്ള സംവിധാനം നിലവിലില്ല. അതിനാൽ ഉംറ വിസയുടെ കാലാവധി കഴിഞ്ഞാൽ രാജ്യം വിട്ടുപോകണം. അതല്ലെങ്കിൽ നിയമ നടപടിക്കു വിധേയരാകേണ്ടി വരും.
വിസയില്ലാതെ ഡ്രൈവറായി സ്‌പോൺസറുടെ കൂടെ പോകാനാവുമോ?
ചോദ്യം: ഞാനൊരു ഹൗസ് ഡ്രൈവറാണ്. ഈദ് അവധി ദിനത്തിൽ എന്റെ സ്‌പോൺസർ ഖത്തറിൽ പോകുകയാണ്. എന്നെയും കൂടെ കൊണ്ടുപോകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. വിസ ഇല്ലാതെ സ്‌പോൺസറുടെ കൂടെ ഡ്രൈവറായി എനിക്ക് പോകാൻ കഴിയുമോ? അതോ എനിക്ക് പ്രത്യേകം വിസ എടുക്കേണ്ടതുണ്ടോ?
ഉത്തരം: സൗദികളല്ലാത്ത ഏതൊരാൾക്കും അറബ് രാജ്യത്തേക്കു പോകണമെങ്കിൽ വിസ വേണം. വിസിറ്റിംഗ് വിസ സംഘടിപ്പിച്ച ശേഷം നിങ്ങൾക്ക് സ്‌പോൺസറുടെ കൂടെ പോകാം. സൗദി വിടുമ്പോൾ എക്‌സിറ്റ് റീ എൻട്രി അടിച്ചുവേണം വിദേശികൾ പുറത്തെ രാജ്യത്തു പോകാൻ. അതിനു ഏതു രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തിന്റെ വിസ ആവശ്യമാണ്.
കോവിഡ് വാക്‌സിൻ എടുക്കാത്തതിനാൽ യാത്ര തടസ്സപ്പെടുമോ?
ചോദ്യം: ഞാൻ ഹൗസ് കീപ്പറായി ജോലി നോക്കുന്ന ആളാണ്. ഫൈനൽ എക്‌സിറ്റിൽ പോകാൻ ഉദ്ദേശിക്കുന്നു. ഇതുവരേക്കും ഞാൻ കോവിഡ് വാക്‌സിൻ എടുത്തിട്ടില്ല. ഫൈനൽ എക്‌സിറ്റിൽ പോകുമ്പോൾ കോവിഡ് വാക്‌സിൻ എടുക്കാത്ത കാരണത്താൽ യാത്ര തടസ്സപ്പെടുമോ?
ഉത്തരം: ഏതു വിദേശിയും രാജ്യം വിട്ടു പോകുമ്പോൾ അയാൾക്ക് മതിയായ രേഖകൾ ഉണ്ടായിരിക്കണം. അതായത് എക്‌സിറ്റ് വിസയും കാലാവധിയുള്ള പാസ്‌പോർട്ടും. പിന്നെ പോകുന്നത് ഏതു രാജ്യത്തേക്കാണോ അവിടത്തെ നിയമം അനുസരിച്ചുമായിരിക്കണം പോകേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് വാക്‌സിൻ എടുത്തിരിക്കണമെന്ന നിബന്ധന നിർബന്ധമില്ലാത്തതിനാൽ മതിയായ രേഖകൾ ഉണ്ടെങ്കിൽ നിങ്ങളുടെ യാത്രക്കു തടസ്സം നേരിടില്ല.