ജിദ്ദ - പെരുന്നാൾ ദിവസം മഴക്കു സാധ്യതയുള്ള പ്രദേശങ്ങളിൽ തുറസ്സായ ഈദ് ഗാഹുകൾ ഇസ്‌ലാമികകാര്യ മന്ത്രാലയം വിലക്കി. ഇത്തരം പ്രദേശങ്ങളിൽ ജുമാമസ്ജിദുകളിൽ മാത്രമേ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കാൻ പാടുള്ളൂ എന്നാണ് നിർദേശം. പെരുന്നാൾ ദിവസം സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും മഴക്കു സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണിത്. മദീനയിൽ അടക്കം സൗദിയിലെ വിവിധ പ്രവിശ്യകളിൽ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. റമദാൻ 29-ാം രാവിൽ ഖത്മുൽ ഖുർആൻ പ്രാർഥനക്കിടെയും പ്രവാചക പള്ളിയിൽ അനുഗ്രഹത്തിന്റെ വർഷപാതമുണ്ടായിരുന്നു.
അതേസമയം, ജിദ്ദയിൽ 822 മസ്ജിദുകളും ഈദ് ഗാഹുകളും പെരുന്നാൾ നമസ്‌കാരം നിർവഹിക്കാൻ ഇസ്‌ലാമികകാര്യ മന്ത്രാലയം തെരഞ്ഞെടുത്തു. പെരുന്നാൾ നമസ്‌കാരം നടക്കുന്ന മസ്ജിദുകളുടെയും ഈദ് ഗാഹുകളുടെയും പേരുവിവരങ്ങൾ അടങ്ങിയ പട്ടിക ജിദ്ദ മസ്ജിദ്കാര്യ വിഭാഗം മേധാവി ഡോ. ഫൈസൽ അൽഅനസി അംഗീകരിച്ചു. ജിദ്ദയിൽ രാവിലെ 6.15 ന് ആണ് പെരുന്നാൾ നമസ്‌കാരം നിർവഹിക്കേണ്ടതെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴിലെ ജിദ്ദ മസ്ജിദ് കാര്യ വിഭാഗം മേധാവി പറഞ്ഞു.