തൊടുപുഴ-ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ റവന്യു വകുപ്പിന്റെ നടപടി. രാജേന്ദ്രന്‍ കൈയ്യേറി കൈവശം വച്ചിരുന്ന ഇക്ക നഗറിലെ 9 സെന്റ് ഭൂമി തിരിച്ച് പിടിച്ചു സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. ഭൂമിയേറ്റെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നാണ് രാജേന്ദ്രന്റെ പ്രതികരണം.
മൂന്നാര്‍ ഇക്ക നഗറില്‍ രാജേന്ദ്രന്‍ താമസിക്കുന്നതിന് പുറമെ കൈവശം വച്ചിരിക്കുന്ന സര്‍വെ നമ്പര്‍ 912 ലെ 9 സെന്റ് ഭൂമി സര്‍ക്കാര്‍ പുറമ്പോക്ക് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ ഒഴുപ്പിക്കല്‍ നടപടി. കഴിഞ്ഞ വര്‍ഷം അവസാനം ഒഴിപ്പില്‍ നടപടി ആരംഭിച്ചപ്പോള്‍ രാജേന്ദ്രന്‍ റിവ്യു ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ രാജേന്ദ്രന്റെ രേഖകള്‍ പരിശോധിച്ച് മൂന്ന് മാസത്തിനകം നടപടി സ്വീകരിക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. രാജേന്ദ്രനന്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ ഇത് കയ്യേറ്റമാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഭൂമി തിരിച്ച് പിടിക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ സര്‍വെ നമ്പര്‍ 843 ല്‍പെട്ട ഭൂമിയാണെന്നും രേഖകള്‍ ശരിയായി പരിശോധിക്കാതെയാണ് റവന്യൂവകുപ്പ് നടപടി സ്വീകരിച്ചതെന്നുമാണ് രാജേന്ദ്രന്റെ അവകാശവാദം. കേസ് കോടതിയുടെ പരിഗണനയിലാണെന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. റവന്യൂ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് രാജേന്ദ്രന്റെ തീരുമാനം. അതേസമയം കേരള ഭൂ പതിവ് നിയമം വകുപ്പ് 7 എ പ്രകാരം രാജേന്ദ്രനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.