തിരുവനന്തപുരം- റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനമൊട്ടാകെ 726 എഐ (നിര്‍മിതബുദ്ധി) ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 3 പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാലും എഐ ക്യാമറയില്‍ പതിഞ്ഞാല്‍ പിഴയുണ്ടാകും. ഇതുള്‍പ്പെടെ കര്‍ശന വ്യവസ്ഥകള്‍ പൂര്‍ണ തോതില്‍ നടപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. കാറില്‍ കൈക്കുഞ്ഞുങ്ങളെ പിന്‍സീറ്റില്‍ മുതിര്‍ന്നവര്‍ക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം. ഒരു ക്യാമറയില്‍ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തിക്കും തുടര്‍ന്നുള്ള ക്യാമറകളില്‍ ഓരോ തവണ പതിയുമ്പോഴും അതേ കുറ്റത്തിനു പിഴ വരും.
അതേസമയം, ദൃശ്യങ്ങളില്‍ വ്യക്തമാകുന്ന നിയമലംഘനത്തിനു മാത്രമേ പിഴയുണ്ടാകൂ എന്നും വാഹന രേഖകള്‍ കൃത്യമാണോ എന്നതുള്‍പ്പെടെയുള്ള മറ്റു പരിശോധനകള്‍ കണ്‍ട്രോള്‍ റൂം മുഖേന തല്‍ക്കാലമില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ ലൈന്‍ ട്രാഫിക് ലംഘനങ്ങളും പരിശോധിക്കില്ല.വാഹനമോടിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കുന്നതും പിടികൂടും. കാറില്‍ ഹാന്‍ഡ്‌സ് ഫ്രീ ബ്ലൂടൂത്ത് സൗകര്യമുപയോഗിച്ചു ഫോണില്‍ സംസാരിക്കുന്നതും ഒഴിവാക്കണമെന്നാണു നിര്‍ദേശമെങ്കിലും തല്‍ക്കാലം ഇതിനു പിഴയില്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതു ലംഘിക്കുന്നവര്‍ക്കും തല്‍ക്കാലം പിഴ ചുമത്തില്ല.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 ക്യാമറകളും സിഗ്‌നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 ക്യാമറകളാണ് ഉള്ളത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും അതിവേഗം കണ്ടെത്താന്‍ നാലു ക്യാമറകളും പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകള്‍ ഒപ്പിയെടുക്കും.
നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്റ്റേര്‍ഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ ടാക്സ് അടക്കുമ്പോഴും വാഹനം കൈമാറ്റം ചെയ്യുമ്പോഴും പിഴത്തുക അടയ്ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ 500 രൂപയാണ് പിഴ. അമിതവേഗത്തിന് 1500 രൂപ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവിങ് ചെയ്താല്‍ 2000 രൂപ, അനധികൃതപാര്‍ക്കിങിന് 250 രൂപ, പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ഇല്ലെങ്കില്‍ 500 രൂപ, മൂന്ന് പേരുടെ ബൈക്ക് യാത്ര 1000 രൂപ എന്നിങ്ങനെയാണ് പിഴ.