ആലപ്പുഴ - ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കിയിട്ടുണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് വേലിക്കകത്ത് ഉണ്ണിക്കണ്ണന്റെ ഭാര്യ ധന്യയുടെ ( 32 ) രണ്ടാമത്തെ പ്രസവത്തിലാണ് കുഞ്ഞ് മരിച്ചത്. ആറാം മാസത്തിലായിരുന്നു ധന്യയുടെ പ്രസവം. ധന്യ ഗര്‍ഭാവസ്ഥ മുതല്‍ ചേര്‍ത്തല താലൂക്കാശുപത്രിയിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. ചൊവ്വാഴ്ച രാത്രി 2.45 ഓടെ വയറ് വേദനയെ തുടര്‍ന്ന് താലൂക്കാശുപത്രി അത്യാഹിതവിഭാഗത്തിലെത്തി ഡ്യൂട്ടി ഡോക്ടറെ കണ്ടു. ചില മരുന്നുകള്‍ നല്‍കി നീരീക്ഷണ മുറിയിലേയ്ക്ക് അയക്കുകയും ബുധനാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയുമായിരുന്നു. രാവിലെ ഏഴ് മണിയോടെ വയറു വേദന അസഹ്യമായി. വീണ്ടും ആശുപത്രിയിലേയ്ക്ക് പോകുവാന്‍ വാഹനത്തില്‍ കയറാനൊരുങ്ങുമ്പോള്‍ വീട്ടില്‍ വച്ചു തന്ന ധന്യ 650 ഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. കുഞ്ഞിനെയും അമ്മയെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഇത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുള്ള പിഴവാണെന്നാണ് ധന്യയുടെ കുടുംബത്തിന്റെ ആരോപണം.