കോട്ടയം - കേരളത്തിലെ രാഷ്ട്രീയ കക്ഷികളില്‍ അസംതൃപ്തി ഉള്ളിലൊതുക്കി അവസരത്തിനായി കാത്തിരിക്കുന്ന നേതാക്കളെ ബിജെപി വലവീശിയിരിക്കുകയാണ്. ക്രൈസ്തവ ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന ലേബലുളളതിനാലാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് പ്രിയമാകുന്നത്. ഇവരെ ബിജെപിയിലേക്ക് നേരിട്ട് പ്രവേശിപ്പിക്കാതെ പൊതുരാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ സഹകരിപ്പിക്കാനാണ് പരിപാടി. പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പോലെയുളള രാഷ്ട്രീയ വേദികള്‍.
പ്രത്യേകിച്ചും ക്രൈസ്തവരിലേക്ക് കടന്നുകയറാന്‍ പാര്‍ട്ടി ശ്രമം നടത്തുമ്പോള്‍ ജനപ്രതിനിധികളായിരുന്ന നേതാക്കളുടെ പേര് തങ്ങള്‍ക്ക് പ്രയോജനപ്രദമാകുമെന്നാണ് കണക്കാക്കുന്നത്. ബിജെപിയിലേക്ക് മതന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കുന്നതിനുളള കാംപെയ്ന്‍ ആരംഭിച്ചുവെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളിലാണ് കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസിലുമുളള രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ടത്. കേരള കോണ്‍ഗ്രസിനാണ് ഇതില്‍ പരിക്കേറ്റത്. രണ്ടു സീനിയര്‍ മുഖങ്ങള്‍ നഷ്ടപ്പെട്ടു. വിക്ടര്‍ ടി തോമസും. ജോണി നെല്ലൂരും. ഇരുവരും എംഎല്‍എമാരായിരുന്നു. ഇതിനൊപ്പം കേരള കോണ്‍ഗ്രസിലെ മുന്‍ എംഎല്‍എ മാത്യു സ്റ്റീഫനും പാര്‍ട്ടി വിട്ടേക്കും. വിക്ടര്‍ ടി തോമസ് പത്തനംതിട്ടയില്‍ പരിചിതനാണെങ്കില്‍ ജോണി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലൂടെ കടന്നുവന്ന് മൂന്നുതവണ എംഎല്‍എയായി. 2011 ല്‍ അങ്കമാലിയില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ജേക്കബ് ഗ്രൂപ്പ് വിട്ട് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാത്യു സ്റ്റീഫന്‍ ഉടുമ്പുംചോല മുന്‍ എംഎല്‍എയാണ്. ഇടുക്കിയിലെ കേരള കോണ്‍ഗ്രസിന്റെ ശക്തനായ നേതാക്കളില്‍ ഒരാളായിരുന്നു ഒരു കാലഘട്ടത്തില്‍.
ബിജെപിയിലേക്ക് മൂവരും ചേരുന്നില്ല. പകരം ഒരു പൊതുരാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കാനും ഭാവി സഹകരണത്തിലേക്ക് പോകാനുളള സാധ്യതകളാണ് ആരായുന്നത്. കൂടാതെ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് വേദികളിലെ സമാന സ്വഭാവമുളള നേതാക്കളെയും കൂട്ടായ്മയിലേക്ക് ആകര്‍ഷിക്കും. ബിജെപിയുമായി തൊട്ടും തൊടാതെയും കഴിയുന്ന പി.സി ജോര്‍ജിന്റെ രാഷ്ട്രീയ നിലപാട് ഇനിയും വ്യക്തമല്ല. കേരള കോണ്‍ഗ്രസ് എന്ന പേരു തന്നെ ഉപേക്ഷിച്ച് കേരള ജനപക്ഷം എന്ന സ്വതന്ത്ര രാഷ്ടീയ സംഘടന രൂപീകരിച്ച് ബിജെപിയിലെത്തിയിരുന്നു. വെണ്ണല വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് നടന്ന പോലീസ് നടപടികളെ വിമര്‍ശിച്ച് ബിജെപി രംഗത്തു വന്നിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പിസി തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.് അവിടെ ബിജെപി പിന്തുണയോടെയായിരിക്കുമോ മത്സരം എന്നാണ് അറിയാനുളളത്.മതേതര ദേശീയ പാര്‍ട്ടി രൂപീകരിക്കും. മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം ജോണി നെല്ലൂരിന്റെ നീക്കത്തിനു പിന്നില്‍ നിഗൂഢ ലക്ഷ്യമാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് ആരോപിച്ചു.കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുകൊണ്ടുള്ള ജോണി നെല്ലൂരിന്റെ കത്ത് ലഭിച്ചിട്ടില്ലെന്നും പിജെ ജോസഫ് അറിയിച്ചു.