ജിദ്ദ - രണ്ടു മീറ്റർ ഉയരത്തിലും ഒരു മീറ്റർ വീതിയിലുമുള്ള പശ്ചാത്തലത്തിൽവിശുദ്ധ ഖുർആൻ കൈയക്ഷരവും കലിഗ്രഫിയും രചിച്ചതിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന് മലയാളി വിദ്യാർഥിനി ആമിനാ മുഹമ്മദ് അർഹയായി. ഏറ്റവും വലുപ്പത്തിലുള്ള ഖുർആൻ കൈയക്ഷരത്തിലുള്ള ആർട്ട് വർക്ക് ചെയ്ത, ഏറ്റവും പ്രായം കുറഞ്ഞ ആൾക്കുള്ള ഇന്റർനാഷനൽ ബുക് റെക്കാർഡ്‌സ് ബഹുമതിയാണ് തിരുവനന്തപുരം സ്വദേശി ആമിനാ മുഹമ്മദിനെത്തേടിയെത്തിയത്. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കി മെഡിക്കൽ പഠനത്തിനായി ഒരുങ്ങിയിരിക്കുകയാണ് ആമിന. ജിദ്ദയിൽ സിഗാല കമ്പനി ഉദ്യോഗസ്ഥൻ മുഹമ്മദ് ബൈജുവിന്റേയും ശാലത്ത് മുഹമ്മദിന്റേയും മകളാണ് ആമിന. അസ്‌ന സഹോദരി. ഇന്റർനാഷനൽ ബുക് ഓഫ് റെക്കാർഡ്‌സ് ബഹുമതിപത്രം അടുത്ത് തന്നെ ഏറ്റുവാങ്ങാനാകുമെന്ന് ബന്ധപ്പെട്ട അധികൃതർ ഇ മെയിൽ വഴി ആമിനയെ അറിയിച്ചു.