കോഴിക്കോട് - അര്‍ഹമായ നഷ്ടപരിഹാരവും നീതിയുക്തമായ അന്വേഷണവും ആവശ്യപ്പെട്ട് ഹര്‍ഷീന വീണ്ടും സമരത്തിലേക്ക്. മെയ് 22 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുമ്പില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും സമരം നടത്തുമെന്ന് ഹര്‍ഷീനയും സമര സഹായ സമിതി നേതാക്കളും പറഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരം രണ്ടുലക്ഷം രൂപ അവഹേളിക്കലാണ്. 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി കിട്ടണം. മാത്രമല്ല സംഭവത്തില്‍ കുറ്റക്കാരായവരെ നിയമത്തിന് മുമ്പില്‍കൊണ്ടുവരികയും തന്റെ വയറ്റില്‍ എവിടെനിന്നാണ് കത്രിക കുടുങ്ങിയതെന്ന് പുറത്തുവിടണമെന്നും ഹര്‍ഷീന ആവശ്യപ്പെട്ടു. മേയ് 22വരെ സമയം നല്‍കുന്നത് സര്‍ക്കാരില്‍ നിന്ന് അര്‍ഹിക്കുന്ന നീതികിട്ടാനുള്ള കാലയളവാണ്. വിഷയത്തില്‍ കര്‍ശനമായ നടപടികളുമായി ആരോഗ്യമന്ത്രിയും സര്‍ക്കാരും രംഗത്തെത്തിയില്ലെങ്കില്‍ നീതി നേടിക്കൊടുക്കുന്നതുവരെ ഹര്‍ഷീനയ്‌ക്കൊപ്പം തങ്ങളുമുണ്ടാവുമെന്ന് സമര സഹായ സമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ പറഞ്ഞു.
അഞ്ചുവര്‍ഷം വയറ്റില്‍ കത്രികയുമായി ജീവിച്ചു. കത്രിക പുറത്തെടുത്തിട്ട് ഒരുവര്‍ഷമാകുമ്പഴും നീതിയുമില്ല നഷ്ടപരിഹാരവുമില്ല. സര്‍ക്കാര്‍ വെച്ചുനീട്ടിയ രണ്ടുലക്ഷം അപമാനിക്കലിന് തുല്യമാണ്, ലക്ഷങ്ങളാണ് ചികിത്സയ്ക്ക് മാത്രമായി കഴിഞ്ഞ ആറുവര്‍ഷമായി കുടുംബം ചെലവഴിച്ചത്. വീടുവരെ പണയപ്പെടുത്തി കടമെടുത്തു. പഠനം മുടങ്ങി. ചികിത്സകാരണം തനിക്കും ഭര്‍ത്താവിനും ജോലിക്ക് പോകാനാവുന്നില്ല. മൂന്നുമക്കളുമായി അനുഭവിക്കുന്നത് കടുത്ത ദുരിതമാണ്. അവസാന പ്രസവം നടന്ന കോഴിക്കോട് മെഡിക്കല്‍കോളജില്‍ നിന്ന് തന്നെയാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്നാണ് ഇപ്പഴും ഉറച്ച് വിശ്വസിക്കുന്നത്. അങ്ങനെയല്ലെങ്കില്‍ അത് തെളിയിച്ചുതരേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അല്ലാതെ ശല്യം ഒഴിവാക്കുംപോലെ രണ്ടുലക്ഷം വെച്ചുനീട്ടിയിട്ട് മിണ്ടാതിരിക്കാന്‍ പറഞ്ഞാല്‍ ഇനിയും തനിക്കാവില്ലെന്നും ഹര്‍ഷീന പറഞ്ഞു.
മെഡിക്കല്‍കോളജ് ആശുപത്രിക്ക് മുമ്പില്‍ മുന്‍പ് സമരം തുടങ്ങിയ ഹര്‍ഷീനയെ മാര്‍ച്ച് നാലിനാണ് ആരോഗ്യമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിക്കുകയും 15ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരവും അന്വേഷണറിപ്പോര്‍ട്ടും പുറത്തുവിടുമെന്ന് പറഞ്ഞത്. അതുകഴിഞ്ഞ് ഒരുമാസമാകുമ്പഴും ആരോഗ്യമന്ത്രി വാക്കുപാലിക്കാതായപ്പോള്‍ ഹര്‍ഷീന സെക്രട്ടറിയേറ്റിനുമുമ്പില്‍ സമരം പ്രഖ്യാപിച്ചു. പിറ്റേദിവസം ഏപ്രില്‍ നാലിന് ധൃതിപെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം അനുവദിക്കുകയുണ്ടായി. തുക അനുവദിച്ചുള്ള ഓര്‍ഡറില്‍ കത്രിക എവിടുന്ന് വറ്റില്‍കുടുങ്ങിയെന്ന് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തെ ചുമതലപ്പെടുത്തിയെന്നും പറയുന്നു. അതിനുശേഷവും രണ്ടാഴ്ചകഴിഞ്ഞു. ഒരന്വേഷണോദ്യോഗസഥരും ഹര്‍ഷീനയെതേടി വന്നില്ല. അന്നുതന്നെ രണ്ടുലക്ഷം സ്വീകരിക്കില്ലെന്ന് ഹര്‍ഷീന പറഞ്ഞിട്ടും ആരോഗ്യമന്ത്രാലയത്തില്‍ നിന് ഇതുവരെ ക പ്രതികരണമൊന്നുമില്ലാത്തെ സാഹചര്യത്തിലാണ് സമരവുമായി രംഗത്തിറങ്ങുന്നതെന്ന് ദിനേശ് പെരുമണ്ണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോഴിക്കോട് പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സമരസഹായസമിതി നേതാക്കളായ മുസ്തഫ പാലാഴി, സുജിത് കാഞ്ഞോളി, ഹര്‍ഷീനയുടെ ഭര്‍ത്താവ് അഷ്‌റഫ് തുടങ്ങിയവരും പങ്കെടുത്തു.