തലശ്ശേരി - കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ തലശ്ശേരി ബിഷപ്പ് ഹൗസില്‍ രഹസ്യ സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചയോടെയാണ് മുരളീധരന്‍ തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി ചര്‍ച്ച നടത്തിയത.് അര മണിക്കൂറോളം നേരം കൂടിക്കാഴ്ച നടത്തിയ മുരളീധരന്‍ ഉച്ചഭക്ഷണവും കഴിച്ചാണ് അവിടെനിന്ന് മടങ്ങിയത.് പത്രമാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായാണ് മുരളീധരന്‍ ബിഷപ്പ് ഹൗസിലെത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയാണ് മുരളീധരന്‍ അരമനയിലെത്തിയത.് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു.
റബറിന്റെ വിലയിടിവിന് പരിഹാരം കാണാന്‍ ബി.ജെ.പി തയാറാണെങ്കില്‍ അവര്‍ക്ക് വോട്ട് നല്‍കാന്‍ തയാറാണെന്നും കേരളത്തില്‍ ബി.ജെ.പിക്ക് ലോക്‌സഭാ സീറ്റ് നേടാന്‍ സഹായം ചെയ്യാമെന്നുമുള്ള തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ബി.ജെ.പി നേതാക്കളും റബര്‍ ബോര്‍ഡ് ചെയര്‍മാനുമുള്‍പ്പെടെയുള്ളവര്‍ ബിഷപ്പ് ഹൗസുകളിലെത്തി റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം വാഗ്ദാനം നല്‍കിയിരുന്നു. ക്രൈസ്തവ സഭകള്‍ ബി.ജെ.പിയുമായി അടുക്കുന്നത് ഇടത് -വലത് മുന്നണികളെ അസ്വസ്ഥരാക്കിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കളും സഭാ നേതാക്കളുമായ് അടുത്ത ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തന്നെയാണ് ഇന്നലെ കെ. മുരളീധരനും തലശ്ശേരി ബിഷപ്പ് ഹൗസിലെത്തിയത.് എന്നാല്‍ മാധ്യമങ്ങളെ ഒഴിവാക്കിയുള്ള സന്ദര്‍ശത്തിന് രാഷട്രീയ പ്രാധാന്യം ഏറെയെന്ന് വിലയിരുത്തുന്നു.