ജിദ്ദ- നാളെ(വ്യാഴം) മാസപ്പിറവി കാണാൻ സാധ്യതയില്ലെന്ന് അറബ് രാജ്യങ്ങളിലെ 25 ഗോളശാസ്ത്ര വിദഗ്ധരുടെ സംയുക്ത പ്രസ്താവന. നാളെ ഒരു കാരണവശാലും ചന്ദ്രക്കല കാണാനാകില്ലെന്ന് എല്ലാവരും വ്യക്തമാക്കി. പുരാതനവും ആധുനികവുമായ എല്ലാ ജ്യോതിശാസ്ത്ര മാനദണ്ഡങ്ങളും അനുസരിച്ച്, അറബ്, ഇസ്്‌ലാമിക ലോകത്ത് വ്യാഴാഴ്ച ചന്ദ്രക്കല കാണുന്നത് നഗ്‌നനേത്രങ്ങളാൽ സാധ്യമല്ലെന്നും അവയിൽ മിക്കതിലും ദൂരദർശിനി ഉപയോഗിച്ച് പോലും സാധ്യമല്ലെന്നും വിദഗ്ധർ പ്രസ്താവനയിൽ വിശദീകരിച്ചു.
വ്യാഴാഴ്ച സൂര്യാസ്തമയ സമയത്ത് ചന്ദ്രൻ ജക്കാർത്തയിൽ സൂര്യനിൽ നിന്ന് 2.7 ഡിഗ്രി അകലെയായിരിക്കും. അബുദാബിയിൽ ഇത് സൂര്യനിൽ നിന്ന് 4.7 ഡിഗ്രിയും ആയിരിക്കും. മക്കയിൽ മക്കയിൽ 5.1 ഡിഗ്രി. ജറുസലേമിൽ 5.4 ഡിഗ്രി, കെയ്‌റോയിൽ 5.5 ഡിഗ്രിയും ഡാക്കറിൽ 8.0 ഡിഗ്രി എന്നിങ്ങനെ ആയിരിക്കും.
ആറു ഡിഗ്രി കുറവിൽ പിറവ് ദൃശ്യമാകില്ലെന്നതാണ് ഗോള ശാസ്ത്ര പണ്ഡിതരുടെ വീക്ഷണം. 8 ഡിഗ്രി അകലത്തിൽ ദ്യശ്യമാകുന്ന സനഗൽ ആസ്ഥാനമായ ദക്കാറിൽ ഉപകരണങ്ങളോടെ മാസപ്പിറവി ദൃശ്യമായേക്കാം. ഇതോടെ നഗ്ന നേത്രങ്ങൾ കൊണ്ടോ ഉപകരണങ്ങൾ വഴിയോ പിറവി ദർശിക്കണമെന്ന് നിർബന്ധം പറയുന്നവരെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച റമദാൻ 30 പൂർത്തിയാക്കി ഏപ്രിൽ 22 ന് ശനിയാഴ്ച ഈദ് ആഘോഷിക്കാം. ഗോളശാസ്ത്ര കണക്കുകളുടെ അടിസ്ഥാനത്തിൽ പിറവി ഉറപ്പിക്കുന്നവർക്കും ഏതെങ്കിലുമൊരു പ്രദേശത്ത് പിറവി ദൃശ്യമായാൽ അതേ സമയം രാത്രിയാകുന്ന പ്രദേശങ്ങളിലും മാസപ്പിറവി ഉറപ്പിക്കാമെന്ന കാഴ്ചപ്പാടുള്ളവർക്കും ഇതോടെ വെള്ളിയാഴ്ച ശവ്വാൽ ഒന്നായും ഗണിക്കാമെന്ന് വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു.
ഏപ്രിൽ 20 വ്യാഴായ്ച അമാവാസിയായതിനാൽ 20 മിനിറ്റിലധികം ചക്രവാളത്തിലുള്ള ചന്ദ്രൻ സൂര്യന്റെ വെളിച്ചം ഭൂമിയിലേക്കു പ്രതിഫലിപ്പിക്കാത്തതാണ് പിറവി ദൃശ്യമാകാതിരിക്കാൻ കാരണം.