ജിദ്ദ- ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്നുള്ള ഇന്ത്യക്കാരെ ജിദ്ദ വഴി ഒഴിപ്പിക്കുന്നു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യക്കാരെ സുഡാനിൽനിന്ന് ഒഴിപ്പിക്കുന്നത്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ആദ്യവിമാനം ദൽഹിയിൽനിന്ന് ജിദ്ദ ലക്ഷ്യമാക്കി പുറപ്പെട്ടുവെന്ന് ബന്ധപ്പെട്ടവർ മലയാളം ന്യൂസിനോട് വ്യക്തമാക്കി. ഈ വിമാനം ജിദ്ദയിൽ ലാന്റ് ചെയ്ത ശേഷം സുഡാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കും. സുഡാനിൽനിന്ന് ഇന്ത്യൻ എംബസി അധികൃതരുടെ നിർദ്ദേശം അനുസരിച്ച് സുഡാനിലേക്ക് തിരിക്കും. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഈ വിമാനത്തിൽ കൊണ്ടുവരും. സുഡാനിൽ നിലവിൽ മുവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.
സുഡാനിൽനിന്നുള്ള ഇന്ത്യക്കാരെ വ്യോമസേനയുടെ വിമാനത്തിൽ ജിദ്ദയിൽ എത്തിക്കും. ഇവിടെനിന്ന് ചാർട്ടേഡ് വിമാനത്തിൽ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകും. ജിദ്ദയിലെത്തുന്ന ഇന്ത്യക്കാർക്ക് ജിദ്ദ ഇന്ത്യൻ എംബസി സ്‌കൂളിലാണ് താമസ സൗകര്യം ഏർപ്പെടുത്തുന്നത്. പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി വിവിധ ഗൾഫ് രാജ്യങ്ങളിലെ എംബസികളിലെയും കോൺസുലേറ്റുകളിലെയും ഉദ്യോഗസ്ഥരോട് ജിദ്ദയിലെത്താനും നിർദ്ദേശിച്ചു. ജിദ്ദയിലെ ഹോട്ടലിൽ ഇവർക്കായി 150 മുറികളും ബുക്ക് ചെയ്തു.
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ ഇന്ത്യക്കാർ അടക്കമുള്ളവർ ജീവന് ഭീഷണിയിലാണ്. ആദ്യ ദിവസം തന്നെ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറും സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും സുഡാൻ പ്രതിസന്ധി സംബന്ധിച്ച് ചർച്ച നടത്തി. ഇരുവരും ഫോണിലാണ് ചർച്ച നടത്തിയത്. സുഡാനിലെ നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്ത ഇരുവരും സുഡാൻ ജനതയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കും വിധത്തിൽ സംഘർഷം കൂടുതൽ രൂക്ഷമാകാതെ നോക്കേണ്ടതിന്റെയും നേരത്തെ ഒപ്പുവെച്ച ഫ്രെയിംവർക്ക് ഉടമ്പടിയിലേക്ക് മടങ്ങേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.
അതേസമയം, സുഡാനിലെ ഇന്ത്യൻ പൗരൻമാരോട് പുറത്തിറങ്ങരുതെന്ന് സുഡാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ആളുകളെ കൊള്ളയടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം. ഏതാനും ദിവസം കൂടി ഈ സ്ഥിതി തുടർന്നേക്കാം. അയൽവാസികളിൽനിന്ന് സഹായം സ്വീകരിക്കണമെന്നും വീട്ടിൽ തന്നെ തുടരണമെന്നും എംബസി ആവശ്യപ്പെട്ടു.