യെക്കാത്തറിൻബർഗ്- സോവിയറ്റ് ഫുട്‌ബോൾ ഇതിഹാസം ലെവ് യാഷിന്റെ ചിത്രത്തോടുകൂടിയ നൂറ് റൂബിളിന്റെ (ഏതാണ്ട് നൂറു രൂപ) പോളിമർ നോട്ടുകൾ കണ്ടപ്പോൾ രണ്ടാഴ്ച മുമ്പുവരെ റഷ്യക്കാർക്ക് സംശയമായിരുന്നു, ഇത് ഒറിജിനൽ തന്നെയാണോ എന്ന്. കടക്കാർ അത് വാങ്ങാൻ വിസമ്മതിച്ചു. എന്നാൽ ഇന്ന് റഷ്യയിൽ ഏറ്റവും ഡിമാന്റുള്ള നോട്ടുകളാണത്. ലോകകപ്പിന്റെ സ്മരണക്കായി പലരും മൂന്നിരട്ടി വരെ (മുന്നൂറ് റൂബിൾ) വരെ വില നൽകിയാണ് ഈ അപൂർവ നോട്ട് സ്വന്തമാക്കുന്നത്. ആവശ്യക്കാർ കൂടിയതോടെ ഈ നോട്ടുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്.
ലോകകപ്പിനോടനുബന്ധിച്ച് റഷ്യ പുറത്തിറക്കിയതാണ് നീലയും മഞ്ഞയും പച്ചയും കലർന്ന നൂറ് റൂബിളിന്റെ ഈ പ്രത്യേക നോട്ട്. ഡൈവ് ചെയ്യുന്ന യാഷിനെ നോക്കി, ഫുട്‌ബോൾ ജഴ്‌സിയണിഞ്ഞ് പന്തും കയ്യിൽപിടിച്ച് ഒരു കുട്ടി നിൽക്കുന്ന ചിത്രമാണ് നോട്ടിന്റെ ഒരു ഭാഗത്ത്. സോവിയറ്റ് യൂനിയനിലെയും, പിന്നീട് റഷ്യയിലെയും തലമുറകളെ ഫുട്‌ബോളിലേക്ക് ആകർഷിച്ച ചിത്രം. നോട്ടിന്റെ മറുഭാഗത്ത് ലോകകപ്പ് നടക്കുന്ന 11 റഷ്യൻ നഗരങ്ങളുടെ പേരുകൾ.
ലോകകപ്പിനോടനുബന്ധിച്ച് പരിമിതമായ അളവിൽ അച്ചടിച്ച നോട്ടുകൾ കഷ്ടിച്ച് ഒരു മാസം മുമ്പുമാത്രമാണ് റഷ്യൻ സെൻട്രൽ ബാങ്ക് പുറത്തുവിട്ടത്. തുടക്കത്തിൽ ഈ നോട്ടുകളെ ആളുകൾക്ക് സംശയമായിരുന്നു. എന്നാൽ നോട്ടുകൾ യഥാർഥം തന്നെയെന്ന് മനസ്സിലായതോടെ ഡിമാന്റ് വാനം മുട്ടെ ഉയർന്നു. പുതിയ നോട്ടുകൾ അന്വേഷിച്ച് ദിവസവും നിരവധി ആളുകൾ എത്തുന്നുണ്ടെന്നും എന്നാൽ അവർക്കെല്ലാം കൊടുക്കാനുള്ള നോട്ടുകൾ തങ്ങളുടെ കൈവശമില്ലെന്നും യെക്കാത്തറിൻബർഗിലെ ഒരു ബാങ്ക് ജീവനക്കാരി പറഞ്ഞു.