ജിദ്ദ - സൗദിയിലെ വിവിധ പ്രവിശ്യകളിൽ 20,714 ജുമാമസ്ജിദുകളും ഈദ് ഗാഹുകളും പെരുന്നാൾ നമസ്‌കാരത്തിന് സജ്ജീകരിച്ചതായി ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കുന്ന ജുമാമസ്ജിദുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും പൂർത്തിയാക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പെരുന്നാൾ നമസ്‌കാരം നടക്കുന്ന ജുമാമസ്ജിദുകളുടെയും ഈദ് ഗാഹുകളുടെയും സുസജ്ജത ഉറപ്പുവരുത്താൻ 6,000 ലേറെ നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ തീർഥാടകരുടെയും വിശ്വാസികളുടെയും കടുത്ത തിരക്ക് അനുഭവപ്പെടുന്ന കാര്യം കണക്കിലെടുത്ത് മക്കയിൽ വിശുദ്ധ ഹറമിനു സമീപമുള്ള മസ്ജിദുകളിലും പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കാൻ ഇസ്‌ലാമികകാര്യ മന്ത്രാലയം തീരുമാനിച്ചു. സാധാരണയിൽ മക്കയിൽ പെരുന്നാൾ നമസ്‌കാരം നടക്കുന്ന ജുമാമസ്ജിദുകൾക്കും ഈദ് ഗാഹുകൾക്കും പുറമെയാണ് ഹറമിനടുത്ത മസ്ജിദുകളിലും ഇത്തവണ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കുന്നത്. ഇത്തവണ തീർഥാടകർക്കും സന്ദർശകർക്കും പ്രയോജനപ്പെടുന്ന നിലക്ക് മക്കയിൽ 562 മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടക്കുമെന്ന് മന്ത്രാലയം പറഞ്ഞു.