Sorry, you need to enable JavaScript to visit this website.

കേരളത്തിലെ റോഡുകളിലൂടെ നാളെ മുതല്‍ ശ്രദ്ധിച്ച് വണ്ടിയോടിച്ചില്ലെങ്കില്‍ വന്‍ പിഴയടച്ച് കീശ കീറും, പിഴ തുക അറിയാം

കോഴിക്കോട് - സംസ്ഥാനത്തെ റോഡുകളിലൂടെ വണ്ടിയോടിക്കുന്നവര്‍ നാളെ മുതല്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്., ഇല്ലെങ്കില്‍ പിഴയടച്ച് കീശ കീറും. ഏറ്റവും ആധുനികമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറാ സംവിധാനത്തിലൂടെയാണ് നാളെ മുതല്‍ റോഡിലെ പരിശോധനകള്‍ നടക്കാന്‍ പോകുന്നത്. ഇതുവരെയുള്ള രീതിയില്‍ ക്യാമറയുടെ കണ്ണ് വെട്ടിക്കാനൊന്നും കഴിയില്ലെന്നര്‍ത്ഥം. ഫുള്ളി ഓട്ടോമാറ്റഡ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റമാണ് നാളെ മുതല്‍ നടപ്പാക്കുന്നത്.  മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ പിഴ 2000 ഒടുക്കണം. അമിത വേഗത്തിന് 1500 രൂപ, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഇല്ലെങ്കില്‍ 500 രൂപ, റിയര്‍ വ്യൂ മിറര്‍ ഇല്ലെങ്കില്‍ 250 രൂപ, ഇരുചക്ര വാഹനത്തില്‍ മൂന്ന് പേര്‍ യാത്ര ചെയ്താല്‍ 2000 രൂപ എന്നിങ്ങനെയാണ് പ്രധാന പിഴകള്‍. മറ്റ് നിയമ ലംഘനങ്ങള്‍ക്ക് വേറെയും പിഴയുണ്ട്. വാഹനം അനധികൃതമായി പാര്‍ക്ക് ചെയ്താല്‍ ഇനി സ്‌പോട്ടില്‍ പിഴ ഒടുക്കി രക്ഷപ്പെടാനാകില്ല. കേസ് കോടതിയിലെത്തി തടവോ പിഴയോ വിധിക്കും. ഫയര്‍ഫോഴ്‌സിനും ആംബുലന്‍സിനും വഴി നല്‍കിയില്ലെങ്കില്‍ ക്യാമറകള്‍ പിടി കൂടും. ഒന്‍പത് മാസത്തിന് താഴെയുളള കുട്ടികള്‍ ഒഴികെ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ മുതല്‍ എ ഐ ക്യാമറകള്‍ മിഴി തുറക്കും. വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ 726 ക്യാമറകളാണ് ഘടിപ്പിക്കുന്നത്. നിയമ ലംഘിച്ചാല്‍ ആറ് മണിക്കൂറിനുള്ളില്‍ വാഹന ഉടമയുടെ ഫോണില്‍ ഇത് സംബന്ധിച്ച് സന്ദേശം എത്തുകയും പിഴയടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

 

Latest News