മോസ്‌കോ- മൊറോക്കോക്കെതിരെ കളിക്കാനിറങ്ങിയ പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ താടിയിലെ കുറ്റിരോമങ്ങൾ കണ്ട് പലരുടെയും പുരികം ചുളിഞ്ഞു. കാഴ്ചയിൽ ആട്ടിൻ താടിയുടെ ചെറിയ പതിപ്പ്. താൻ തന്നെയാണ് ആട് എന്നടിവരയിടാനാണോ പോർച്ചുഗീസ് താരം ഈ വേഷം കെട്ടിയതെന്നാണ് അവരുടെ സംശയം.
കഴിഞ്ഞയാഴ്ച അർജന്റീന സൂപ്പർ താരം ലിയോണൽ മെസ്സിയെ ഗോട്ട് (ഗ്രെയ്റ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന് വിശേഷിപ്പിച്ച് ഒരു മാഗസിൻ കവർചിത്രം പുറത്തിറങ്ങിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മെസ്സിയും ആടും ഒന്നിച്ചുള്ള ചിത്രമായിരുന്നു അത്. ഇതിനുപിന്നാലെ സ്‌പെയിനിനെതിരെ മത്സരത്തിൽ ഗോളടിച്ചപ്പോൾ രോമമില്ലാത്ത തന്റെ താടി തടവിയായിരുന്നു റൊണാൾഡോ താനാണ് ഗോട്ട് എന്ന് പ്രഖ്യാപിച്ചത്. അതിന്റെ തുടർച്ചയെന്നോണമാണ്, ഇന്നലെ കുറ്റിത്താടിയുമായി റൊണാൾഡോ കളത്തിലിറങ്ങിയത്. ഏതായാലും രണ്ട് മത്സരത്തിലായി നാല് ഗോളടിച്ച റൊണാൾഡോയാണ് ഇതുവരെ ഈ ടൂർണമെന്റിലോ ടോപ് സ്‌കോറർ.