കാസര്‍കോട് - കേരളത്തില്‍ പുതുതായി സര്‍വീസ് ആരംഭിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കാസര്‍കോട് വരെ നീട്ടിയെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനത്തിന്റെ ആഹ്ലാദത്തിലാണ് കാസര്‍കോട് ജില്ലയിലെ റെയില്‍വേ യാത്രക്കാര്‍ എല്ലാവരും. എം.പിയും എം.എല്‍.എമാരും ജനപ്രതിനിധികളും പാസഞ്ചേര്‍സ് അസോസിയേഷനും വിവിധ സംഘടനകളും നടത്തിയ ആവശ്യങ്ങളും പ്രതിഷേധവും കണക്കിലെടുത്താണ് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലുകളെ തുടര്‍ന്ന് ട്രെയിന്‍ കാസര്‍കോട് വരെ ഓടിക്കാന്‍ തീരുമാനം ഉണ്ടായത്.
വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട് വരെയും മംഗളൂരു വരെയും നീട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിക്കും, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, സി.ഇ.ഒ , ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, പാലക്കാട് ഡിവിഷണല്‍ മാനേജര്‍ തുടങ്ങിയവര്‍ക്ക് നിരവധി കത്തുകളാണ് ജില്ലയില്‍നിന്നു അയച്ചത്. കത്തുകള്‍ക്ക് ഫലം കണ്ടതില്‍ വളരെയധികം അഭിമാനം ഉണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും
കാസര്‍കോട് പാസഞ്ചേര്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ആര്‍.പ്രശാന്ത് കുമാറും നാസര്‍ ചെര്‍ക്കളവും പറഞ്ഞു. വെറും കത്തുകളയച്ചു മാറി നില്‍ക്കുകയാണ് എം.പി എന്ന് ആരോപണം ഉന്നയിച്ച ചില രാഷ്ട്രീയ മേലാളന്മാര്‍ക്കുള്ള ചുട്ട മറുപടി കൂടിയാണ് ഇതെന്നും എം.പി പറഞ്ഞു. കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന കാര്യത്തിലും അനുകൂലമായ നടപടികള്‍ പ്രതീക്ഷിക്കുകയാണ് നേരെത്തെ പാര്‍ലമെന്റില്‍ സംസാരിക്കവേ കേരളത്തിന് 15 വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്തോട്ടാകെ 400 ലധികം വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ വെറും രണ്ടെണ്ണമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇത് സംസ്ഥാനത്തോടുള്ള കടുത്ത അവഗണന ആണെന്നും ഇതിനെതിരെ ഇനിയും പ്രതിഷേധം തുടരേണ്ടതുണ്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
കര്‍ണാടകത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ സര്‍വീസ് നടത്തിയേക്കും എന്ന് സൂചനയുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാലാണ്
കേന്ദ്രമന്ത്രി മംഗളൂരുവിലേക്ക് നീട്ടുന്ന കാര്യം പറയാതിരുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസിന് വേണ്ടി മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രത്യേക ട്രാക്കും യാര്‍ഡും നിര്‍മ്മിക്കുന്ന ജോലികള്‍ നടന്നുവരുന്നുണ്ട്.