ജിദ്ദ- കഴിഞ്ഞ പന്ത്രണ്ടുവർഷമായി സിറിയയിൽ വെടിയൊച്ച നിലച്ചിരുന്നില്ല. എന്നും സംഘർഷത്തിന്റെയും വെടിവെപ്പിന്റെയും ബോംബാക്രമണത്തിന്റെയും കേന്ദ്രമായിരുന്നു സിറിയ. 2011-ലെ മുല്ലപ്പൂ വിപ്ലവത്തിന്റെ ചുവടുപിടിച്ച് സിറിയയിലെ സർക്കാറിനെതിരെ ജനരോഷം ശക്തമായതോടെ ബഷാർ അൽ അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വിമതർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. സർക്കാർ വിരുദ്ധ ശക്തികളും ആയുധമണിഞ്ഞതോടെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നു കിടന്നിരുന്ന സിറിയൻ ഭൂപ്രദേശം ചോരയണിഞ്ഞു. രാജ്യം മുഴുവനും ഹതഭാഗ്യരുടെ കണ്ണീരിലും വിലാപത്തിലും മുങ്ങി. റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെയാണ് വിമതരെ ഭരണകൂടം ചോരയിൽ മുക്കിയത്. ആറു ലക്ഷത്തിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്.
സിറയൻ ജനതക്ക് സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് കൈപിടിക്കാൻ ഒടുവിൽ സൗദി അറേബ്യ തന്നെ രംഗത്തിറങ്ങിയിരിക്കുന്നു. വർഷങ്ങളുടെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സിറിയൻ വിദേശ മന്ത്രി ഫൈസൽ അൽമിഖ്ദാദ് സൗദിയിൽ എത്തിയത്. ആ സന്ദർശനത്തിന്റെ ആരവം അടങ്ങുന്നതിന് മുമ്പ് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സിറിയയിലെത്തി. സൗദിയും ഇറാനും തമ്മിലുളള ചർച്ചക്കും നേതൃത്വം നൽകിയ ഫർഹാൻ രാജകുമാരന്റെ സിറിയൻ സന്ദർശനത്തിനും ഏറെ പ്രാധാന്യമുണ്ട്. സിറിയയിൽ എത്തിയ ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സിറിയൻ പ്രസിഡന്റ് ബശാർ അൽഅസദുമായി ചർച്ച നടത്തി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ആശംസകൾ വിദേശ മന്ത്രി സിറിയൻ പ്രസിഡന്റിന് കൈമാറി.
സംഘർഷത്തിന്റെ നാളുകൾ അവസാനിപ്പിച്ച് സിറിയയെ പ്രത്യേകിച്ചും മേഖലയെ പൂർണമായും സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുകയാണ് സൗദിയുടെ ലക്ഷ്യം. സമാധാനം സമ്മാനിച്ച് സിറിയൻ ജനതക്ക് ക്ഷേമവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന ഉറപ്പിലാണ് സൗദി അറേബ്യ സമാധാനത്തിന്റെ പ്രയാണം തുടരുന്നത്. അക്രമത്തിലൂടെയും സംഘർഷത്തിലൂടെയും സിറിയ നേരിട്ട മുഴുവൻ പ്രത്യാഘാതങ്ങളെയും ഇല്ലായ്മ ചെയ്യും. ഇതിന് പുറമെ, അറബ് ചുറ്റുപാടുകളിൽനിന്ന് അകന്നുപോയ സിറിയയെ തിരിച്ചുകൊണ്ടുവരികയും ചെയ്യുന്നതിനുള്ള പ്രവർത്തനമാണ് സൗദി ആവിഷ്‌കരിക്കുന്നത്. പ്രതിസന്ധി തുടങ്ങിയതുമുതൽ അഭയാർഥികളായി ലക്ഷകണക്കിന് സിറിയക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ആയിരകണക്കിന് കെട്ടിടങ്ങൾ തകർക്കപ്പെട്ടു. 67 ലക്ഷം പേർ ഭവനരഹിതരായി. ഇവരെയെല്ലാം തിരികെ എത്തിക്കൽ കൂടി ചർച്ചയുടെ ഭാഗമാണ്.
ഫർഹാൻ രാജകുമാരന് പുറമെ, രാഷ്ട്രീയ കാര്യങ്ങൾക്കുള്ള സൗദി വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. സൗദ് അൽസാത്തി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹമാൻ അൽദാവൂദ് എന്നിവരും ബഷാർ അൽ അസദുമായുള്ള ചർച്ചയിൽ പങ്കെടുത്തു. ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫർഹാൻ രാജകുമാരനെ പ്രസിഡൻഷ്യൽകാര്യ മന്ത്രി മൻസൂർ അസ്സാമാണ് സ്വീകരിച്ചത്. ഇറാന് പുറമെ, സിറിയയെ കൂടി സമാധാന പാതയിലേക്ക് നയിച്ച് മേഖലയെ പൂർണമായ ശാന്തിയിലേക്ക് നയിക്കാനുള്ള നീക്കത്തിലാണ് സൗദി പ്രയാണം തുടരുന്നത്. റമദാൻ അവസാനിക്കുന്നതോടെ സമാധാനത്തിന്റെ പുതിയ നാളുകളിലേക്ക് മേഖല പ്രവേശിക്കും.