അവധിക്കാലമാണ്. സ്വാഭാവികമായും വിമാന യാത്രകള്‍ക്കും തിരക്കേറുകയാണ്. എന്നാല്‍ യാത്രക്കാരുടെ അവകാശങ്ങളെ കുറിച്ചും നഷ്ടങ്ങള്‍ക്കു ലഭിക്കുന്ന പരിഹാരങ്ങളെ കുറിച്ചു അധികമാര്‍ക്കും വ്യക്തമായി അറിയില്ലെന്നതാണ് വസ്തുത.
ദിമ തലാല്‍ അല്‍ശരീഫ്
സൗദിയില്‍ വിമാന യാത്ര ചെയ്യുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനിലെ കസ്റ്റമര്‍ പ്രോട്ടക്്ഷന്‍ വകുപ്പാണ് യാത്രക്കാരുടെ അവകാശ സംരക്ഷണം, പരാതി കേള്‍ക്കല്‍ തുടങ്ങിയവ സംബന്ധിച്ച എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. സൗദിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികള്‍ക്കും ഔദ്യോഗിക വിമാനക്കമ്പനിയായ സൗദിയക്കും എതിരായ പരാതികളെല്ലാം തീര്‍പ്പാക്കുന്നത് ഈ വകുപ്പാണ്.
ഒരു വിമാനകമ്പനിയും യാത്രക്കാരനും തമ്മിലുള്ള നയമപരമായ ബന്ധം തുടങ്ങുന്നത് ഒരു ടിക്കറ്റ് ഉറപ്പാക്കുന്നതോടെയാണ്. സീറ്റ് ഉറപ്പായ ടിക്കറ്റ് ഉള്ള ഒരു യാത്രക്കാരന് യാത്രയ്ക്കു നേരിടുന്ന കാലതാമസം, റദ്ദാക്കല്‍, ലഗേജ് നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ച് വിമാന കമ്പനി നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ മോശം കാലാവസ്ഥ, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം വ്യോമപാത അടയ്ക്കല്‍, പ്രകൃതി പ്രതിഭാസങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ സേവനങ്ങള്‍ക്ക് ഭംഗം വരുന്നത് ഇതിലുള്‍പ്പെടില്ല.
വിമാനം സര്‍വീസ് റദ്ദാക്കിയാല്‍
രാജ്യാന്തര യാത്രാ ദിവസത്തിനു 14 ദിവസങ്ങള്‍ക്കു മുമ്പോ, ആഭ്യന്തര യാത്രാ ദിവസത്തിനു ഏഴു ദിവസം മുമ്പോ വിമാനക്കമ്പനി സര്‍വീസ് റദ്ദാക്കുകയാണെങ്കില്‍ ടിക്കറ്റിന് യാത്രക്കാരന്‍ മുടക്കിയ തുക പൂര്‍ണമായും തിരികെ നല്‍കണമെന്നാണ് ചട്ടം. കൂടാതെ നഷ്ടപരിഹാരവും നല്‍കണം.
യാത്രയുടെ 24 മണിക്കൂര്‍ മുമ്പ് മാത്രമാണ് വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്ത വിവരം യാത്രക്കാരനെ അറിയിക്കുന്നതെങ്കില്‍ 24 മണിക്കൂറിനകം തന്നെ വിമാനക്കമ്പനി ബദല്‍ യാത്രാ സൗകര്യം ഒരുക്കി നല്‍കണം. ഇതിനു കഴിഞ്ഞില്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ തുകയും യാത്രക്കാരനു മടക്കി നല്‍കുകയും ടിക്കറ്റ് തുകയുടെ 50 ശതമാനം നഷ്ടപരിഹാരമായി അധികമായി നല്‍കുകയും വേണം.
വിമാനം പറന്നുയരാന്‍ വൈകിയാല്‍
പലകാരണങ്ങളാലും വിമാനം പറന്നുയരാന്‍ വൈകുന്നത് സാധാരണയാണ്. യാത്ര വൈകുകയാണെങ്കില്‍ ഇക്കാര്യവും പുതിയ യാത്രാ സമയവും 45 മിനിറ്റിനു മുമ്പെങ്കിലും യാത്രക്കാരനെ അറിയിച്ചിരിക്കണമെന്നാണ് ചട്ടം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ വിമാനക്കമ്പനികള്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചട്ടങ്ങളില്‍ വ്യക്തമായി ഒന്നും പറയുന്നില്ല എന്നതാണ് വസ്തുത. വിമാനം ആറു മണിക്കൂറിലേറെ സമയം യാത്ര വൈകിയാല്‍ യാത്രക്കാരനു സര്‍വീസ് റദ്ദാക്കപ്പെട്ടതായി കണക്കാക്കി നഷ്ടപരിഹാരം തേടാം. ഇത്തരം സാഹചര്യങ്ങളില്‍ വിമാനക്കമ്പനി യാത്രക്കാര്‍ക്ക് ഭക്ഷണവും താമസ സൗകര്യങ്ങളും ഒരുക്കി നല്‍കണം.
ലഗേജ് നഷ്ടപ്പെട്ടാല്‍
വിമാന കമ്പനികളുടെ പക്കല്‍നിന്ന് ലഗേജ് നഷ്ടപ്പെട്ടാല്‍ അധിക യാത്രക്കാരും ഇക്കാര്യം അധികൃതരെ അറിയിച്ച് ഉടന്‍ എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങി പിന്നീട് വിമാന കമ്പനിയുടെ മറുപടി വരുന്നതും കാത്തിരിക്കുകയാണ് പതിവ്. ലഗേജ് നഷ്ടപ്പെട്ടാല്‍ പരാതി നല്‍കേണ്ട എയര്‍പോര്‍ട്ടിലെ ഓഫീസില്‍ ഒരു പരാതി നല്‍കുന്നതോടെ തങ്ങളുടെ ജോലി തീര്‍ന്നെന്നാണ് മിക്ക യാത്രക്കാരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ലഗേജ് കിട്ടാന്‍ വൈകുന്ന ഓരോ ദിവസത്തിനും അധികമായി വന്‍ തുക നഷ്ടപരിഹാരം ലഭിക്കാന്‍ വഴിയുണ്ടെന്ന കാര്യം അധിക പേര്‍ക്കും അറിയില്ല.
രാജ്യാന്തര നാണ്യ നിധി (ഐ.എം.എഫ്) അംഗീകരിച്ച സ്‌പെഷല്‍ ഡ്രോവിങ് റൈറ്റ്‌സ് (എസ്.ഡി.ആര്‍) യൂണിറ്റ് അടിസ്ഥാനമാക്കിയുള്ളതാണ് ഈ നഷ്ടപരിഹാര രീതി. ഒരു എസ്.ഡി.ആര്‍ യൂണിറ്റിന്റെ മൂല്യം 5.2 സൗദി റിയാലാണ്. നഷ്ടങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഒരോ വിമാന യാത്രാ ടിക്കറ്റിനും വിമാന കമ്പനി 350 മുതല്‍ 1,131 എസ്.ഡി.ആര്‍ യൂണിറ്റ് വരെ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. യാത്രക്കാരന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാല്‍ 30 ദിവസത്തിനകം അതു നല്‍കണമെന്നും നിയമം വ്യക്തമായി പ്രതിപാദിക്കുന്നു.
വൈകുന്ന ഓരോ ദിവസത്തിനും രാജ്യാന്തര യാത്രാ ടിക്കറ്റാണെങ്കില്‍ 40 മുതല്‍ 200 വരെ എസ്.ഡി.ആര്‍ യൂണിറ്റിനും, ആഭ്യന്തര ടിക്കറ്റാണെങ്കില്‍ 20 മുതല്‍ 100 വരെ എസ്.ഡി.ആര്‍ യൂണിറ്റിനും തുല്യമായ തുക നഷ്ടപരിഹാരമായി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന കാര്യം മിക്ക യാത്രക്കാര്‍ക്കും അറിയില്ല. വലിയ നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ പരാതി സമര്‍പ്പിക്കുന്ന സമയത്ത് ലഗേജിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ഏതെല്ലാമെന്ന് വ്യക്തമായി നിശ്ചിത ഫോമില്‍ പൂരിപ്പിച്ചു നല്‍കണം. ചട്ടങ്ങള്‍ ലംഘിക്കുന്ന വിമാനക്കമ്പനികള്‍ക്ക് 50,000 സൗദി റിയാല്‍ വരെ പിഴയിടുമെന്നും ചട്ടം വ്യക്തമാക്കുന്നുണ്ട്. വിമാന കമ്പനിയുടെ ഭാഗത്ത് അശ്രദ്ധയുണ്ടായി എന്നു തെളിഞ്ഞാല്‍ ഈ പിഴ ഇരട്ടിയായേക്കാം.
അറബ് ന്യൂസ് കോളമിസ്റ്റും സൗദി ലീഗല്‍ കണ്‍സള്‍ട്ടന്റും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ലോയഴ്‌സ് അംഗവുമാണ് ദിമ തലാല്‍ അല്‍ ശരീഫ്.